VIDEO: തിയേറ്ററില്‍ എത്തിയ മഞ്ജുവിന് ജയ് വിളിച്ച് ആരാധകര്‍

  

Last Updated : Apr 20, 2018, 04:09 PM IST
VIDEO: തിയേറ്ററില്‍ എത്തിയ മഞ്ജുവിന് ജയ് വിളിച്ച് ആരാധകര്‍

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെ മിന്നുന്ന പ്രകടനം കൊണ്ടും കിടിലന്‍ ഗാനരംഗങ്ങള്‍ കൊണ്ടും ശ്രദ്ധേയമാകുകയാണ് 'മോഹന്‍ലാല്‍' എന്ന ചിത്രം. ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മോഹന്‍ലാല്‍. 

മലയാളത്തിന്‍റെ പ്രിയനടന്‍റെ പേരു പോലെ കുടുംബപ്രേക്ഷകരുള്‍പ്പെടുന്ന ജനഹൃദയങ്ങള്‍ ചിത്രത്തെ നെഞ്ചോട് ചേര്‍ക്കുന്ന ആവേശക്കാഴ്ചകളാണ് തിയേറ്ററുകളില്‍. മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായ മീനുക്കുട്ടിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ വിജയം ആരാധകരോടൊപ്പം ആഘോഷിക്കാന്‍ മഞ്ജു ലുലുമാളിലെ തിയേറ്ററില്‍ എത്തി. നടിയെ കണ്ട ആരാധകര്‍ മഞ്ജു ചേച്ചി കീ ജയ് എന്ന് വിളിച്ചു. പിന്നീട് ലാലേട്ടന്‍ കീ ജയ് എന്നും വിളിച്ചു. ആരാധകരുടെ സ്‌നേഹം നേരിട്ട് കണ്ട മഞ്ജു സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു. നിങ്ങള്‍ക്ക് വേണ്ടിയുള്ള സിനിമയാണ് ഇതെന്നും ഇത്രയും മികച്ച വിജയം നല്‍കിയതിന് എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നടി പറഞ്ഞു.

വീഡിയോ കാണാം:

സിനിമയുടെ ആദ്യപകുതി കഴിഞ്ഞപ്പോഴാണ് മഞ്ജുവും അണിയറ പ്രവര്‍ത്തകരും തിയേറ്ററിനകത്ത് പ്രവേശിച്ചത്. പ്രേക്ഷകര്‍ക്ക് മുന്നില്‍ കേക്ക് മുറിച്ച് മഞ്ജു ആഘോഷിച്ചു. ആരാധകരോടൊപ്പം സെല്‍ഫിയെടുക്കാനും താരം മറന്നില്ല.

മഞ്ഞിൽ‌ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ‌ മലയാള സിനിമയിലേക്ക് കടന്നുവന്ന അതേ ദിവസം‌ തന്നെയാണ് മീനാക്ഷിയുടെയും ജനനം. മോഹൻലാലിന്‍റെ കരിയർ വളർച്ചയോടൊപ്പം മീനുവും വളരുന്നു. അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളുടെയും കടുത്ത ആരാധികയായി മാറിയ മീനു, തന്‍റെ ജീവിതത്തിലും മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളെ പോലെ‌ മറ്റുള്ളവരെ കണ്ടുതുടങ്ങുന്നു.

'ഇടി' എന്ന സിനിമയ്ക്ക് ശേഷം സാജിദ് യഹിയ സംവിധാനം‌ ചെയ്യുന്ന സിനിമയാണിത്. മോഹൻലാൽ‌ എന്ന അവിസ്മരണീയ കലാകാരന്‍റെ അഭിനയമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയും അഭിനയപാടവത്തെ പുകഴ്ത്തിയും ഇതിനുമുമ്പും നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് സിനിമയുടെ പേരടക്കം മുഴുനീള‌ മോഹന്‍ലാല്‍ ഫാൻ ചിത്രമാകുന്നതെന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

സുനീഷ് വരനാടാണ് രചന. സൗബിന്‍ ഷാഹിര്‍,  അജുവർഗീസ്, സിദ്ദിഖ്, സലീം കുമാർ, കെ.പി.എ.സി ലളിത, ഹരീഷ്, ശ്രീജിത്ത് രവി, ഉഷ ഉതുപ്പ് തുടങ്ങി വന്‍ താരനിര ചിത്രത്തെ സമ്പന്നമാക്കുന്നു.

Trending News