പാട്ടിൻറെ റെക്കോഡിംഗിനിടെ യേശുദാസ് പിണങ്ങി സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി: കമലും കൈതപ്രവും പിന്നീട് പോയി

തൂവൽസ്പർശം എന്ന ചിത്രത്തിലെ പാട്ടുകളുടെ റെക്കോഡിംഗിനിടെയാണ് സംഭവം.

Written by - ആർ ബിനോയ് കൃഷ്ണൻ | Edited by - M.Arun | Last Updated : Dec 1, 2022, 10:32 PM IST
  • കമലിൻ്റെ നിർദ്ദേശപ്രകാരം ഔസേപ്പച്ചൻ യേശുദാസിനെ നേരിട്ടു കണ്ടതോടെ പൂർണമായും മ‍ഞ്ഞുരുകി
  • ഇരുവരും യേശുദാസിനെ റെക്കോഡിംഗ് സ്റ്റുഡിയോയിലെത്തി കണ്ടപ്പോഴാണ് അടുത്ത അദ്ഭുതം
  • 'ഏതോ വാർമുകിലിൻ' മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു.
പാട്ടിൻറെ റെക്കോഡിംഗിനിടെ യേശുദാസ് പിണങ്ങി സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി: കമലും കൈതപ്രവും പിന്നീട് പോയി

സാധാരണ മനുഷ്യർക്കിടയിലെന്ന പോലെയല്ല, അസാധാരണ പ്രതിഭകൾക്കിടയിലെ പിണക്കങ്ങൾ. പിണക്കവും ഇണക്കവും ഈഗോയുമൊക്കെ സർവസാധാരണമായ ചലച്ചിത്രമേഖലയിലെ ഇത്തരം കഥകൾ കേൾക്കുന്നത് കൗതുകകരവുമാണ്. 
ഗന്ധർവഗായകൻ യേശുദാസും സംഗീതസംവിധായകൻ ഔസേപ്പച്ചനും തമ്മിൽ അത്തരമൊരു പിണക്കമുണ്ടായ കഥ വെളിപ്പെടുത്തുകയാണ് സീ മലയാളം ന്യൂസിനു നൽകിയ അഭിമുഖത്തിൽ സംവിധായകൻ കമൽ. 

കമൽ സംവിധാനം ചെയ്ത തൂവൽസ്പർശം എന്ന ചിത്രത്തിലെ പാട്ടുകളുടെ റെക്കോഡിംഗിനിടെയാണ് സംഭവം. ചിത്രത്തിലെ ചന്ദനരേണുവണിഞ്ഞൊരു, കന്നിപ്പീലിത്തൂവൽ എന്നീ ഗാനങ്ങൾ യേശുദാസ് പാടിക്കഴിഞ്ഞിരുന്നു. മന്ത്രജാലകം എന്നു തുടങ്ങുന്ന മൂന്നാമത്തെ പാട്ടിൻറെ റെക്കോഡിംഗിനിടെ യേശുദാസ് പിണങ്ങി സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഇതോടെ പരിഭ്രമിച്ച ഔസേപ്പച്ചൻ കമലിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. തങ്ങൾ തമ്മിൽ ഇടയ്ക്കിടെ ചില്ലറ കശപിശ ഒക്കെയുണ്ടാകാറുണ്ടെങ്കിലും ഇത്തവണ ഇത്തിരി സീരിയസ് ആയിപ്പോയെന്നായിരുന്നു ഔസേപ്പച്ചൻ്റെ വിശദീകരണം.

" കമൽ ദാസേട്ടനെ വിളിക്കണം " - ഔസേപ്പച്ചൻ പറഞ്ഞു.
താൻ പറഞ്ഞാലൊന്നും യേശുദാസ് വഴങ്ങില്ലെന്ന് കമലും വ്യക്തമാക്കി.

ഇതോടെ ചിത്രത്തിൻ്റെ നിർമ്മാതാവായ എവർഷൈൻ പ്രൊഡക്ഷൻസ് മണി ഇടപെട്ടു. അദ്ദേഹത്തിൻ്റെ പിതാവും മുതിർന്ന നിർമ്മാതാവുമായ തിരുപ്പതി ചെട്ടിയാരെക്കൊണ്ട് യേശുദാസിനോട് സംസാരിപ്പിക്കാം, അങ്ങനെ പ്രശ്നം പരിഹരിക്കാം എന്നായിരുന്നു ധാരണ. 

തിരുപ്പതി ചെട്ടിയാർ യേശുദാസിനെ പോയി കണ്ടെങ്കിലും വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. ഔസേപ്പച്ചന് ഇത്തിരി കുരുത്തക്കേടുണ്ടെന്നായിരുന്നു യേശുദാസിൻ്റെ പരിഭവം. അതുകൊണ്ട് ഈ പടത്തിൽ ഇനി പാടില്ല. തിരുപ്പതി ചെട്ടിയാരുടെ മറ്റേതു പടത്തിൽ വേണമെങ്കിലും ഇനിയും താൻ സഹകരിക്കാമെന്ന് യേശുദാസും അനുനയം പറഞ്ഞു. അതോടെ ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു.

ഈ പിണക്കം ഗുണമായത് ഗായകൻ ഉണ്ണിമേനോനാണ്. യേശുദാസ് പാതിയിൽ ഉപേക്ഷിച്ച ആ ഗാനം പിന്നീട് ഉണ്ണിമേനോൻ പാടി. 1990 ലാണ് തൂവൽസ്പർശം പുറത്തിറങ്ങിയത്. അതിനു ശേഷം കമൽ ശുഭയാത്ര, പൂക്കാലം വരവായി, വിഷ്ണുലോകം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. ശുഭയാത്രയിൽ ജോൺസനും പൂക്കാലം വരവായിയിൽ ഔസേപ്പച്ചനും വിഷ്ണുലോകത്തിൽ രവീന്ദ്രനുമായിരുന്നു സംഗീത സംവിധായകർ. ഈ മൂന്നു ചിത്രങ്ങളിലും യേശുദാസ് പാടിയിട്ടില്ല.
 
ഇക്കാലത്ത് യേശുദാസിനെക്കൊണ്ട് ഔസേപ്പച്ചൻ പാടിച്ചിട്ടേയില്ല. അക്കാലത്ത് യേശുദാസ് പാടണമെങ്കിൽ മ്യൂസിക് റൈറ്റ് അദ്ദേഹത്തിൻ്റെ കമ്പനിയായ തരംഗിണിക്ക് നൽകണമെന്ന് നിബന്ധന വച്ചിരുന്നു. ഇതിന് പല നിർമ്മാതാക്കളും തയ്യാറാകാതിരുന്നതുകൊണ്ടു കൂടിയാണ് കമലിൻ്റെ  ഈ ചിത്രങ്ങളിൽ യേശുദാസ് ഇല്ലാതെപോയത്. അതേസമയം പല യുവഗായകർക്കും അത് ഗുണമായി. ഈ മൂന്നു ചിത്രങ്ങളിലും ഉണ്ണി മേനോൻ, ജി വേണുഗോപാൽ, എം ജി ശ്രീകുമാർ തുടങ്ങിയവർ പാടി. പൂക്കാലം വരവായി എന്ന ചിത്രത്തിൽ ഔസേപ്പച്ചൻ്റെ സംഗീതത്തിൽ വേണുഗോപാൽ പാടിയ 'ഏതോ വാർമുകിലിൻ' മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു.        

തുടർന്നു വന്ന ഉളളടക്കം എന്ന ചിത്രത്തിൽ ഔസേപ്പച്ചൻ ആയിരുന്നു സംഗീത സംവിധായകൻ. ഈ ചിത്രത്തിലെ ഗാനങ്ങൾ ആരു പാടണം എന്ന ചർച്ച നടക്കുന്നതിനിടെയാണ് വീണ്ടും യേശുദാസ് - ഔസേപ്പച്ചൻ തർക്കത്തെ പറ്റി ചർച്ചവന്നത്. യേശുദാസ് പാടിയാൽ മാത്രം മനോഹരമാകുന്ന ഗാനങ്ങൾ ചിത്രത്തിലുണ്ട് എന്ന ഔസേപ്പച്ചൻ്റെ തന്നെ വിലയിരുത്തലാണ് ഇതിലേക്ക് നയിച്ചത്. അതോടെ ഈ പ്രശ്നം പരിഹരിക്കണമെന്ന് എല്ലാവരും ചേർന്ന് തീരുമാനിച്ചു. കമലും കൈതപ്രവും അതിനു മുൻകയ്യെടുക്കാനും തീരുമാനിച്ചു. 

ഇരുവരും യേശുദാസിനെ റെക്കോഡിംഗ് സ്റ്റുഡിയോയിലെത്തി കണ്ടപ്പോഴാണ് അടുത്ത അദ്ഭുതം. അദ്ദേഹത്തെ ഉളളടക്കത്തിലെ പാട്ടിലേക്ക് ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന് സന്തോഷം. സംഗീതസംവിധായകൻ ഔസേപ്പച്ചനാണെന്ന് ഇരുവരും തെല്ലു മടിയോടെ വെളിപ്പെടുത്തി. അപ്പോഴും യേശുദാസിന് ഭാവഭേദമില്ല- 

" അതിനെന്താ ആയിക്കോട്ടേ, ഔസേപ്പച്ചൻ നല്ല സംഗീത സംവിധായകനല്ലേ " എന്ന് മറുപടി. ഇനി പിണക്കം അദ്ദേഹത്തിന് ഓർമ്മയില്ലേ എന്നായി കമലിൻ്റെയും കൈതപ്രത്തിൻ്റെയും സംശയം. മടിച്ചുമടിച്ച് അക്കാര്യം ഓർമ്മിപ്പിച്ചപ്പോൾ 

" ഓ അതോ, അവനിത്തിരി കുരുത്തക്കേടുണ്ട്. തൃശ്ശൂർക്കാർക്ക് പൊതുവേയുളള ഒരു പ്രശ്നമാണ്. ആത്മാർത്ഥത കൂടുമ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ചുപറയും. സാരമില്ല " എന്ന് യേശുദാസിൻ്റെ മറുപടി. 

എന്തായാലും പ്രശ്നം അതോടെ കഴിഞ്ഞു. കമലിൻ്റെ നിർദ്ദേശപ്രകാരം ഔസേപ്പച്ചൻ യേശുദാസിനെ നേരിട്ടു കണ്ടതോടെ പൂർണമായും മ‍ഞ്ഞുരുകി. ഉളളടക്കത്തിനു വേണ്ടി ഇരു പ്രതിഭകളും ഒന്നിച്ചപ്പോൾ പാതിരാമഴയേതോ, അന്തിവെയിൽ എന്നീ മനോഹരഗാനങ്ങളും പിറന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News