മോളിവുഡിനെ (Mollywood) മോഹൻലാൽവുഡ് ആക്കി റെക്കോർഡുകൾ അടക്കിവാഴുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ (Lalettan). മലയാള സിനിമയെ ചരിത്രത്തിലാദ്യമായി 50 കോടിയിലേക്കും 100 കോടിയിലേക്കും 200 കോടിയിലേക്കും എത്തിച്ചത് മോഹൻലാലിന്റെ (Mohanlal) സിനിമകളായിരുന്നു. ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി നേടിയ ചിത്രമായതിന് ശേഷം നിരവധി സിനിമകൾ ഈ ക്ലബിലേക്ക് പിന്നീട് കടന്നുവന്നു. ഏറ്റവുമൊടുവിൽ ദുൽഖർ സൽമാന്റെ കുറുപ്പ് വരെ. എന്നിരുന്നാലും 50 കോടി ക്ലബിൽ തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ ലാലേട്ടന് കഴിഞ്ഞു. IMDbലെ കണക്ക് പ്രകാരം 50 കോടി ക്ലബിൽ കടന്ന മോഹൻലാൽ ചിത്രങ്ങൾ ഇതൊക്കെയാണ്.
1. ദൃശ്യം (2013)
മോഹൻലാലിന്റെയും മലയാള സിനിമയുടെയും ആദ്യത്തെ 50 കോടി ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ഒരു ഫാമിലി സസ്പെൻസ് ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. മോഹൻലാലിന് പുറമേ മീന, ആശാ ശരത്ത്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, അൻസിബ, എസ്തർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ചൈനീസ് ഭാഷകളിലും ദൃശ്യം റിമേക്ക് ചെയ്തു.
2. പുലിമുരുകൻ (2016)
മലയാളത്തിലെ ആദ്യ 100 കോടി കളക്ഷൻ നേടിയ ചിത്രമാണ് പുലിമുരുകൻ. ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 150 കോടിക്ക് മുകളിൽ പോയെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപ്പാടം പറഞ്ഞിരുന്നു. പുലിവേട്ടക്കാരനായി ലാലേട്ടൻ തകർത്ത് അഭിനയിച്ച പുലിമുരുകൻ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ത്രസിപ്പിച്ച സിനിമയാണ്. മറ്റ് ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്തിരുന്നു. കമാലിനി മൂഖർജി, ജഗ്പതി ബാബു, ലാൽ, വിനുമോഹൻ, ബാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്ന ചിത്രം തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരുന്നു.
Also Read: Mohanlal Flop Movies : മോഹന്‍ലാലിന്റെ പൊട്ടി പാളീസായ 10 സിനിമകള്‍
3. ഒപ്പം (2016)
മോഹൻലാലും പ്രിയദർശനും ഒന്നിക്കുമ്പോൾ സിനിമ ആസ്വാദകരുടെ പ്രതീക്ഷകൾ വാനോളമാണ്. കുറെ നാളുകൾക്ക് ശേഷം ഇരുവരും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒപ്പം എന്ന ഒരു ഗംഭീര ചിത്രമാണ്. അന്ധനായ ശിവരാമനെ ഗംഭീരമായാണ് ലാലേട്ടൻ അവതരിപ്പിച്ചത്. ഫാമിലി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രം 50 കോടി ക്ലബിൽ അനായാസം കയറിപറ്റുകയും ചെയ്തു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. നെടുമുടി വേണു, സമുദ്രകനി, മീനാക്ഷി, വിമല രാമൻ, മാമുക്കോയ തുടങ്ങി വലിയ ഒരു താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
4. ഒടിയൻ (2018)
റിലീസ് ചെയ്ത ദിനം പണിമുടക്കായിട്ട് കൂടി 7 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ. മോഹൻലാൽ ആരാധകരും മലയാളി പ്രേക്ഷകരും ഏറ്റവുമധികം കാത്തിരുന്ന ചിത്രമായിരുന്ന ഒടിയൻ. വ്യത്യസ്ത മേക്കോവറിൽ ലാലേട്ടൻ എത്തിയ ചിത്രത്തിന് എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല എന്നായിരുന്നു റിപ്പോർട്ടുകൾ. നെഗറ്റീവ് റിവ്യൂസ് വന്നിട്ടും ചിത്രം 50 കോടി ക്ലബിൽ ഇടംനേടിയെങ്കിൽ അതിന് മോഹൻലാൽ എന്ന ഒരു ഫാക്ടർ തന്നെയായിരുന്നു കാരണം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്.
5. കായംകുളം കൊച്ചുണ്ണി (2018)
നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തിയ കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കി എന്ന extended cameo റോളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. റോഷൻ ആൻഡ്രൂസായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. മോഹൻലാലിന്റെ സാന്നിധ്യം ചിത്രത്തിന് ബോക്സ് ഓഫീസിൽ ഏറെ ഗുണം ചെയ്തു. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയും കടന്ന് 75 കോടി എത്തിയതായാരുന്ന റിപ്പോർട്ടുകൾ. സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ബാബു ആന്റണി, സുദേവ് നായർ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അഭിനയിച്ചത്.
6. ലൂസിഫർ (2019)
മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം. മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് ആദ്യ 200 കോടി സിനിമ. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം വിവേക് ഒബ്രോയ്, മഞ്ജു വാര്യർ, ടോവിനോ, ഇന്ദ്രജിത്ത്, സച്ചിൻ കെദേക്കർ തുടങ്ങി വമ്പൻ താരനിര കൊണ്ട് സമ്പന്നമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥ ചിത്രത്തിന്റെ നട്ടെല്ലായപ്പോൾ പൃഥ്വിരാജ് എന്ന ഒരു ഗംഭീര സംവിധായകനെ കൂടി മലയാളത്തിന് ലഭിച്ചു. മലയാളത്തിലെ ഓരോ റെക്കോഡുകളും ലൂസിഫർ തിരുത്തികുറിക്കുന്നതായിരുന്നു പിന്നീട് കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...