സൽമാൻ ഖാന്റെ ബജിരംഗി ഭായിജാനെയും ആമിർ ഖാന്‍റെ സീക്രട്ട് സൂപ്പർ സ്റ്റാറിനെയും പിൻതള്ളി ലോകമെമ്പാട് നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന അഞ്ചാമത്തെ ചിത്രമായി പഠാൻ മാറി. ഇനി ദങ്കൽ, ബാഹുബലി 2, ആർആർആർ, കെജിഎഫ് 2 എന്നീ ചിത്രങ്ങളാണ് കളക്ഷനിൽ പഠാന് മുന്നിലുള്ളത്. നിലവിൽ മറികടന്ന ബജിരംഗി ഭായിജാൻ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ ചിത്രങ്ങൾ അവയുടെ ചൈന കളക്ഷനെ കൂടി ആശ്രയിച്ചാണ് 900 കോടിക്ക് മുകളിലെ ഭീമൻ കളക്ഷൻ കൈവരിച്ചത്.
എന്നാൽ ചൈനയിൽ റിലീസ് ചെയ്യാതെയാണ് പഠാൻ ഇത്രയും വലിയ കളക്ഷൻ സ്വന്തമാക്കിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇനി വേൾഡ് വൈഡ് കളക്ഷനിൽ ഷാരൂഖ് ചിത്രത്തിന് മുന്നിലുള്ള ബോളിവുഡ് ചിത്രം ദങ്കൽ മാത്രമാണ്. 2000 കോടിക്ക് മുകളിലുള്ള ദങ്കലിന്റെ കളക്ഷനെ ബാഹുബലി 2 ന് പോലും മറി കടക്കാൻ സാധിച്ചിട്ടില്ല. ചൈന റിലീസിലൂടെയാണ് ദങ്കൽ ഈ നേട്ടത്തിലേക്കെത്തിയത്.
ALSO READ : Romancham Director: 'രോമാഞ്ച'ത്തിന് ശേഷം പുതിയ ചിത്രവുമായി ജിത്തു; നായകൻ ഫഹദ്?
എന്നാൽ ദങ്കലിന്റെ ഇന്ത്യൻ നെറ്റ് കളക്ഷൻ പഠാൻ പുഷ്പം പോലെ മറികടന്നു. 387 കോടിയെന്ന ദങ്കലിന്റെ കളക്ഷൻ മറി കടന്ന പഠാൻ 427 കോടിയെന്ന കെജിഎഫ് 2 ന്റെ ഹിന്ദി നെറ്റ് കളക്ഷനും മറി കടന്ന് ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇനി ഹിന്ദി നെറ്റ് കളക്ഷനിൽ പഠാന് മുന്നിലുള്ളത് ബാഹുബലി 2 മാത്രമാണ്. ബാഹുബലി 2 ന്റെ കളക്ഷൻ മറികടക്കുകയാണെങ്കിൽ ബോളിവുഡിലെ പുതിയ ഇൻ്റസ്ട്രി ഹിറ്റായി പഠാൻ മാറും.
2017 ൽ പുറത്തിറങ്ങിയ ബാഹുബലി 2 മലയാളം ഒഴികെ മറ്റെല്ലാ ഭാഷകളിലും ഇൻ്റസ്ട്രി ഹിറ്റായി മാറിയിരുന്നു. തമിഴ് വിക്രമിലൂടെയും തെലുങ്ക് ആർആർആറിലൂടെയും കന്നഡ കെജിഎഫ് 2 വിലൂടെയും ബാഹുബലി 2 ൻ്റെ നേട്ടത്തെ മറികടന്നപ്പോൾ ബോളിവുഡിൽ മാത്രം ഈ രാജമൗലി ചിത്രം ഭരണം തുടർന്നു. കോവിഡിന് ശേഷം തീയറ്ററിലെത്തിയ ബോളിവുഡ് ചിത്രങ്ങൾ പലതും ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു.
ഭൂൽ ഭുലയ്യ 2, ബ്രഹ്മാസ്ത്ര, ദൃശ്യം 2 എന്നീ ചിത്രങ്ങൾ മാത്രമാണ് ഭേദപ്പെട്ട കളക്ഷൻ സ്വന്തമാക്കിയത്. കൂട്ടത്തിൽ വലിയ പ്രതീക്ഷയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ എല്ലാ സൗത്ത് ഇന്ത്യൻ ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്ത ബ്രഹ്മാസ്ത്രയുടെ കളക്ഷനും 250 കോടിക്കകത്ത് നിന്നപ്പോൾ ബോളിവുഡ് കൂടുതൽ ക്ഷീണിച്ചു.അവിടേക്കാണ് എതിരാളികൾ പല്ലുപോയ സിംഹം എന്ന് പരിഹസിച്ച ഷാരൂഖ് ഖാൻ്റെ വരവ്.
ഇന്ത്യൻ നെറ്റ് കളക്ഷനിൽ 300 കോടി ക്ലബ്ബോ വേൾഡ് ബോക്സ് ഓഫീസിൽ 400 കോടി ക്ലബ്ബോ ഓപ്പൺ ചെയ്തിട്ടില്ലാത്ത, മുൻ ചിത്രങ്ങൾ പലതും പരാജയപ്പെട്ട് 4 വർഷം അഭിനയ രംഗത്തോട് വിട പറഞ്ഞിരുന്ന കിംഗ് ഖാൻ ചിത്രം ബോളിവുഡിൻ്റെ ചരിത്രം മാറ്റിയെഴുതി. 300 കോടി ക്ലബ്ബ് നേടാൻ പോലും കോവിഡിന് ശേഷം ബുദ്ധിമുട്ടിയിരുന്ന ബോളിവുഡിൽ ഷാരൂഖ് ചിത്രം ആദ്യത്തെ 400 കോടി ക്ലബ്ബ് ഓപ്പൺ ചെയ്തു. നോർത്ത് ഇന്ത്യൻ തീയറ്ററുകളിൽ കെജിഎഫ് 2 ഉം ബാഹുബലി 2 ഉം ഉണ്ടാക്കിയ ഓളം പഠാനിലൂടെ ഷാരൂഖ് തിരികെ കൊണ്ടുവന്നു.
നിലവിൽ 475 കോടി നെറ്റ് കളക്ഷനാണ് പഠാൻ്റെ ഹിന്ദി പതിപ്പ് ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. സൗത്ത് ഇന്ത്യൻ ഭാഷകളും കൂട്ടുമ്പോൾ 493.25 കോടിയാണ് ചിത്രത്തിൻ്റെ കളക്ഷൻ. ലോകമെമ്പാട് നിന്നും ഇന്നത്തെ കണക്ക് പ്രകാരം 953 കോടി കളക്ഷനാണ് പഠാൻ നേടിയത്. അതായത് ഇനി 47 കോടി കളക്ഷൻ കൂടി ലഭിച്ചാൽ 1000 കോടി എന്ന മാത്രിക സംഖ്യയിലേക്ക് പഠാൻ എത്തും. ഇൻ്റസ്ട്രി ഹിറ്റ് എന്ന നേട്ടത്തിലേക്ക് വെറും 36 കോടിയുടെ ദൂരം മാത്രമാണ് പഠാനുള്ളത്.
ഈ വരുന്ന 17 ആം തീയതിയോടെ ആൻ്റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയ, ഷെഹസാദാ എന്നീ വമ്പൻ ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്. അതോടെ നോർത്ത് ഇന്ത്യൻ തീയറ്ററുകളിൽ പഠാൻ്റെ ആധിപത്യം പതിയെ കുറയാനാണ് സാധ്യത. എന്നാൽ അവയെ മറി കടക്കാൻ പഠാന് സാധിച്ചാൽ അത് തീർച്ചയായും ബോളിവുഡിന് മുഴുവൻ അഭിമാന നിമിഷം ആയിരിക്കും. എന്തായാലും കാത്തിരിക്കാം റോക്കിയെ വീഴ്ത്തിയ പഠാന് ബാഹുബലിയെ വീഴ്ത്താനാകുമോ എന്ന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...