ഏറെ കാത്തിരിപ്പിന് ശേഷം പ്രിയദര്ശന്-മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ഒപ്പം നാളെ റിലീസിനെത്തുകയാണ്. എന്നാല്‍ ആരാധകര്‍ക്ക് മുന്പില് ചിത്രം എത്തും മുന്‍പ് ഒരു വിശിഷ്ട വ്യക്തി ഇന്ന് വൈകീട്ട് ഒപ്പം കാണും. ആ വ്യക്തി മറ്റാരുമല്ല, സാക്ഷാല്‍ രജനികാന്ത് തന്നെ.
പ്രിയദര്‍ശനുമായും മോഹന്‍ലാലുമായും എക്കാലത്തും അടുപ്പം സൂക്ഷിക്കുന്ന രജനികാന്ത് ഒപ്പം കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രജനിയുടെ ആഗ്രഹം അറിഞ്ഞ പ്രിയദര്ശന് ഒപ്പം ആദ്യം കാണുവാനുള്ള അവസരം അദ്ദേഹത്തിന് നല്‍കിയിരിക്കുകയാണ്.ചെന്നൈയിലെ രജനികാന്തിന്റെ വസതിയില്‍ ചിത്രം കാണാനുള്ള എല്ലാ സജ്ജീകരണങ്ങളെല്ലാം പ്രിയദര്ശന് ഒരുക്കി കഴിഞ്ഞു.
ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. സംവിധായകന് അല്‍ഫോന്‍സ് പുത്രനാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. യോദ്ധാ, ഗുരു തുടങ്ങിയ ചിത്രങ്ങളില്‍ കാഴ്ചയില്ലാത്തയാളായി മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ മുഴുനീള വേഷം ആദ്യമായാണ്.
പ്രത്യേക സാഹചര്യത്തില്‍ കൊലപാതകത്തിനു സാക്ഷ്യം വഹിക്കുന്നയാള്‍ പിന്നീട് കാഴ്ചയില്ലായ്മയോട് പടപൊരുതി കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ സാരം.