സിനിമ പ്രമോഷനിടെ യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പ്രതികളെ കുറിച്ച് വ്യക്തത വരുത്താൻ കഴിയാതെ അന്വേഷണ സംഘം. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന കാണികളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണ സംഘം അക്രമിയെ കണ്ടെത്താൻ ശ്രമിക്കുന്നത്. എന്നാൽ ഇനിയും പ്രതികളെ കുറിച്ച് കാര്യമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
കൂടാതെ പരിപാടിയുടെ ദൃശ്യങ്ങളും പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഇതിൽ നിന്നും കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന് തീരുമാനിക്കാൻ ഇന്ന് അന്വേഷണ സംഘം ചേരുന്നുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പന്തീരങ്കാവ് പൊലീസ് കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ കേസെടുത്തത്. നടിമാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്.
ALSO READ: നടികൾക്കെതിരായ ലൈംഗീക അതിക്രമം; ഒരാൾ കോഴിക്കോട് സ്വദേശി? രണ്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ്
സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു സിനിമാ പ്രവർത്തകർ. ഇതിന് ശേഷം മടങ്ങുന്നതിനിടയിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന നടിയാണ് സംഭവം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.തൻറെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകയ്ക്കും അനുഭവം ഉണ്ടായെന്നും അവർ അതിനോട് പ്രതികരിച്ചെന്നും താരം പോസ്റ്റിൽ പറയുന്നു. ഇതോടെ വലിയ ചർച്ചയ്ക്കാണ് തുടക്കമായത് നിരവധി പേരാണ് വിഷയത്തിൽ താരത്തിന് പിന്തുണയുമായി എത്തിയത്.
യുവനടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?
പ്രമോഷൻ്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...