പണ്ട് 90-കളിലെ കുട്ടികൾ മൂളി നടന്ന പാട്ടിൻറെ വരികൾ ഇങ്ങനെയായിരുന്നു. അമ്പമ്പാടി ലെറ്റ്സ് ഗോ പാർടി. അർഥം അറിഞ്ഞും അറിയാതെയും എത്രയോ പേർ അത് പാടിയിരിക്കുന്നു. അങ്ങിനെ ലോകം മുഴുവൻ ഫേമസായ ഒരു പാട്ടിൻറെ കഥയാണ് പറയുന്നത്.ഗ്രെറ്റ ഗെർവിഗിന്റെ സംവിധാനത്തിൽ ജൂലൈ 21 ന് പുറത്തിറങ്ങുന്ന ഹോളിവുഡ് ചിത്രമാണ് ബാർബി. വർഷങ്ങളായി ലോക വിപണിയിൽ പ്രചാരത്തിലുള്ള ബാർബി എന്ന ഫാഷൻ ഡോളിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രമായിരുന്നു ഇത്.
ബാർബി എന്ന പേര് കേൾക്കുമ്പോൾ ഡോളിനൊപ്പം മനസ്സിൽ വരുന്ന മറ്റൊരു മറ്റൊന്നാണ് കം ഓൺ ബാർബി ലെറ്റ്സ് ഗോ പാർട്ടി എന്ന പാട്ട്. 1997 ൽ പുറത്തിറങ്ങി സർവകാല റെക്കോർഡ് സൃഷ്ടിച്ച പാട്ടായിരുന്നു ഇത്. യൂറോപ്പില്‍ നാല് ആഴ്ച്ചയോളം വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ഈ പാട്ടിന് സാധിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പാട്ടുകളുടെ ലിസ്റ്റില്‍ വളരെ വേഗം ഇടം നേടാനും ബാർബി ഗേളിന് കഴിഞ്ഞു. യുഎസിലെ ബില്‍ബോർഡ് മാഗസീന്‍റെ എക്കാലത്തെയും മികച്ച 100 പാട്ടുകളുടെ ലിസ്റ്റിൽ ഏഴാം സ്ഥാനം കൈവരിച്ച പാട്ടായിരുന്നു ഇത്. എന്തിന് നമ്മുടെ കൊച്ചു കേരളത്തിൽപ്പോലും ഈ പാട്ട് തരംഗം സൃഷ്ടിച്ചിരുന്നു. അർത്ഥമറിയാതെ അമ്പമ്പാടി ഡിസ്കംമ്പാടി എന്ന് പാടി നടന്ന് ഈ പാട്ട് ആഘോഷമാക്കി മാറ്റിയവരായിരുന്നു 90 സ് കിഡ്സ്. എങ്ങനെയായിരുന്നു ഈ പാട്ടിന്‍റെ ജനനം ? പരിശോധിക്കാം..
പ്ലാസ്റ്റിക്കിലെ സുന്ദരമായ പാവകൾ കണ്ടപ്പോൾ ഒരു കവികൂടിയായ റാസ്റ്റഡിന്‍റെ മനസ്സിൽ വന്ന വരികളാണ് 'ലൈഫ് ഇൻ പ്ലാസ്റ്റിക് ഇറ്റ്സ് ഫെന്‍റാസ്റ്റിക് എന്ന്. തുടർന്ന് അദ്ദേഹം മനസ്സിൽ തോന്നിയ ഈ ആശയത്തെ തന്‍റെ ബാൻ അംഗങ്ങളോട് പറയുന്നു. അപ്പോൾ അവരായിരുന്നു ഇതിനെ ഒരു പാർട്ടി സോങ്ങായി ഡെവലപ്പ് ചെയ്യാം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. തുടർന്ന് സോറൻ റാസ്റ്റഡിനൊപ്പം ക്ലോസ് നോറീൻ, റെനെ ഡിഫ്, ലെനെ നിസ്ട്രോം എന്നിവർ ചേർന്നാണ് ബാർബി ഗേളെന്ന പാട്ടിന് ജന്മം കൊടുക്കുന്നത്. ലെനെ നിസ്ട്രോം, റെനെ ഡിഫ് എന്നിവരാണ് ഈ പാട്ട് പാടിയത്. പിന്നാലെ ഡാനിഷ് സംവിധായകരായ പെഡർ പെഡേഴ്‌സണും പീറ്റർ സ്റ്റെൻബെക്കും സംവിധാനം ചെയ്ത് ഈ പാട്ടിന്റെ മ്യൂസിക് വീഡിയോ പുറത്തിറക്കി. ഇതിന്‍റെ ഗായകർ തന്നെ ബാർബിയായും കെന്നായും മ്യൂസിക് വീഡിയോയിൽ അഭിനയിച്ചു.
ഇവർക്കൊപ്പം അക്വായിലെ മറ്റ് അംഗങ്ങളും പാട്ടിന്‍റെ പല ഭാഗങ്ങളിലായി മുഖം കാണിച്ചിട്ടുണ്ട്. കാർട്ടൂണും ലൈവ് ആക്ഷൻ ഫിഗേഴ്സും ഒന്നിച്ച് ഉപയോഗിച്ച് കുട്ടികളെ കൂടുതൽ ആകർഷിക്കുന്ന രീതിയിലായിരുന്നു ഈ പാട്ട് ചിത്രീകരിച്ചത്. തുടർന്ന് അക്വാ അവരുടെ ആദ്യ ആൽബമായ അക്വേറിയത്തിലെ മൂന്നാമത്തെ പാട്ടായി ബാർബി ഗേളിനെയും ഉൾപ്പെടുത്തി. എല്ലാവരെയും അത്ഭുതപ്പെടുത്തി അക്വായുടെ ആദ്യത്തെ ആൽബം തന്നെ വൻ ഹിറ്റായി മാറി. അതിന് കാരണമായതാകട്ടെ ബാർബി ഗേളെന്ന ഒറ്റ പാട്ടും. പുറത്തിറങ്ങി ഇന്നുവരെ ഏകദേശം 80 ലക്ഷം കോപ്പികളാണ് ബാർബി ഗേളിന് വിറ്റഴിഞ്ഞിട്ടുള്ളത്. സ്റ്റീഫൻ തോമസ് എർലെവിനെന്ന അമേരിക്കൻ മ്യൂസിക് ക്രിട്ടിക് ബാർബി ഗേളിനെ വിശേഷിപ്പിച്ചത് പോപ്പ് കൾച്ചറിലെ പ്രതിഭാസങ്ങളിലൊന്നെന്നാണ്.
ഇതിന്‍റെ പത്താം വാർഷികമായ 2017 ഓടെ യു.കെയിൽ മാത്രം ബാർബി ഗേളിന്‍റെ 18 ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. എന്നാൽ അക്വാ ആൽബം പുറത്തിറങ്ങി ആറ് മാസങ്ങൾക്ക് ശേഷം ഒരു വലിയ നിയമക്കുരുക്കും ഇതിന്‍റെ അണിയറപ്രവർത്തകരെ തേടിയെത്തി. ബാർബി ഡോളിന്‍റെ നിർമ്മാതാക്കളായ മാറ്റെൽ എന്ന അമേരിക്കൻ കമ്പനിയാണ് അക്വായുടെ ബാർബി ഗേളിന്‍റെ വരികളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കേസ് ഫയൽ ചെയ്തത്. പാട്ടില്‍ ബാർബിയെ ബ്ലോണ്ടെ, ബിംബോ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നുണ്ട്.
ഇത് തങ്ങളുടെ പ്രോഡക്ടിനെ ലൈംഗിക വല്ക്കരിക്കുന്നതാണെന്നും ഈ പാട്ടിലൂടെ വർഷങ്ങളായി ബാർബി ഡോളിനുണ്ടായിരുന്ന ജനകീയത ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയാണ് മാറ്റെൽ നിയമനടപടികൾ സ്വീകരിച്ചത്. എന്നാൽ 2002 ൽ കേസ് സുപ്രീം കോർട്ട് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് തള്ളി. വർഷങ്ങൾക്ക് ശേഷം 2010 ൽ ബാർബി ഗേൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു. ക്യാസറ്റ് യുഗത്തിൽ നിന്നും ഡിജിറ്റൽ യുഗത്തിലേക്ക് വന്നപ്പോഴും ഈ പാട്ട് തരംഗം അവസാനിച്ചില്ല. 1.2 ബില്ല്യണ് മുകളിൽ കാഴ്ചക്കാരുമായി യൂട്യൂബിലും ബാർബി ഗേൾ മുന്നേറി. ഇന്ന് ബാർബി എന്ന ഗ്രെറ്റ ഗെർവിഗ് ചിത്രത്തിലും പ്രത്യക്ഷപ്പെടാൻ പോകുകയാണ് ബാർബി ഗേൾ എന്ന പാട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...