നിവിൻ പോളിയുടേതായി റിലീസിനായി ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ് 'തുറമുഖം'. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ റിലീസ് നിരവധി തവണ മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ റിലീസിങ് ഡേറ്റിനെ സംബന്ധിച്ച് പലപ്പോഴും ചോദ്യങ്ങൾ ഉയരാറുണ്ട്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ചിത്രം ഡിസംബറിന് മുന്‍പ് തിയേറ്ററില്‍ പ്രദർശനത്തിനെത്തുമെന്ന് ലിസ്റ്റിൻ പറഞ്ഞു. 'കുമാരി' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.
സാമ്പത്തിക പ്രതിസന്ധിയാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് പ്രധാന കാരണമായിരുന്നത്. നേരത്തെ ചിത്രത്തിന്‍റെ റിലീസ് ഡിസംബറിൽ ഉണ്ടാകുമെന്ന് നിവിൻ പോളിയും അറിയിച്ചിരുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പടവെട്ട് എന്ന ചിത്രമാണ് നിവിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാഗതി തന്നെയാണ് അതിന്റെ ഏറ്റവും വലിയ പോസിറ്റീവ്. തീവ്രമായ തിരക്കഥ പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിവിൻ പോളിയുടെ ട്രാൻസ്ഫർമേഷനാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. സാമൂഹിക പ്രസക്തമായ ഒരു വിഷയത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
പതിയെ തുടങ്ങി കൊട്ടിക്കയറിയ ഫസ്റ്റ് ഹാഫ്, സീറ്റ് എഡ്ജ് ഇന്റർവെൽ പഞ്ച്, ഹീറോയിസത്തിലേക്കുള്ള നിവിൻ പോളിയുടെ ട്രാൻസ്ഫോമേഷൻ എന്നിവയാണ് പ്രേക്ഷകർ പടവെട്ടിനെക്കുറിച്ച് പറയുന്ന പോസിറ്റീവ് പ്രതികരണങ്ങൾ. ഫസ്റ്റ് ഹാഫിൽ എടുത്തു പറയേണ്ടത് നിവിൻ പോളിയുടേയും ഷമ്മി തിലകന്റേയും അസാധ്യ പെർഫോമൻസ് ആണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം ഉണ്ട്. മാസ് രംഗങ്ങൾ നിറഞ്ഞ ചിത്രം പ്രേക്ഷകന് ദൃശ്യവിരുന്ന് തന്നെയാണ്. നായിക അതിഥി ബാലന്റെ കഥാപാത്രവും പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്. പഴയ ആസിയാൻ കരാർ മുതൽ ഇന്നത്തെ കാർഷിക ബില്ല് വരെ കർഷകരുടെ ജീവിതത്തിലേക്ക് കടന്ന് കയറുന്ന എല്ലാ പദ്ധതികൾക്കെതിരെയും നമ്മുടെ സമൂഹത്തിൽ തന്നെ ഉയർന്ന് വന്നിട്ടുള്ള മുദ്രാവാക്യങ്ങളും ആശയങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ കൊണ്ട് തന്നെ സന്ദർഭങ്ങൾക്ക് യോജിച്ച രീതിയിൽ പറയുന്നുണ്ട്.
ക്യാമറ വർക്കാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. അതിമനോഹരമായ ഫ്രെയിമുകളും ദൃശ്യങ്ങളും കൊണ്ട് ദീപക് മേനോൻ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ് ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഗേവിന്ദിന്റെ സംഗീതം ചിത്രത്തിന്റെ മൂഡ് ഉയർത്തുന്നു. പശ്ചാത്തല സംഗീതം ഗംഭീരമാണ്. സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്നാമ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ലിജു കൃഷ്ണയാണ്. ഒരു നവാഗത സംവിധായകന്റെ പതർച്ചകൾ ഒന്നും ചിത്രത്തിൽ ഉണ്ടായില്ലെന്ന് പ്രേക്ഷകർ പറയുന്നു. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...