എംഎ യൂസഫലിക്ക് സിവിലിയൻ പുരസ്കാരം നൽകി അബുദാബി സർക്കാർ

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനിൽ നിന്ന് യൂസഫലി പുരസ്കാരം ഏറ്റുവാങ്ങി

Written by - Zee Malayalam News Desk | Last Updated : Apr 10, 2021, 01:19 PM IST
  • എംഎ യൂസഫലി 2005 ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായി
  • 2008 ൽ പത്മശ്രീ പുരസ്കാരം
  • 2014 ൽ ബഹ്റൈൻ രാജാവിൻ്റെ ഓർഡർ ഓഫ് ബഹ്റൈൻ
  • 2017 ൽ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം
  • യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്ക് നൽകുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അർഹനായതും യൂസഫലിയാണ്
എംഎ യൂസഫലിക്ക് സിവിലിയൻ പുരസ്കാരം നൽകി അബുദാബി സർക്കാർ

അബുദാബി: പ്രവാസി വ്യവസായിയും ലുലു ​ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ പുരസ്കാരം. ഉന്നത സിവിലിയൻ അബുദാബി അവാർഡിനാണ് എംഎ യൂസഫലി അർഹനായത്. യുഎഇയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രം​ഗത്ത് നൽകുന്ന മികച്ച പിന്തുണയ്ക്കുമുള്ള അം​ഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതി യൂസഫലിക്ക് നൽകിയത്. അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പുരസ്കാരം എംഎ യൂസഫലിക്ക് സമ്മാനിച്ചു.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി സർക്കാരിന്റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാർഡ് (Award) സ്വീകരിച്ച ശേഷം എംഎ യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷമായി അബുദാബിയിലാണ് താമസിക്കുന്നത്. 1973 ഡിസംബർ 31നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി യുഎഇയിൽ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇവിടെ എത്തിനിൽക്കുന്നത്. ഈ രാജ്യത്തിന്റെ ദീ‍ർഘദർശികളും സ്ഥിരോത്സാഹികളും ആയ ഭരണാധികാരികളോട് പ്രത്യേകിച്ച് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു.

ALSO READ: കൊറോണ ഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍....

ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യുഎഇ (UAE) എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ പിന്തുണയും പ്രാർത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.
മൂന്ന് വനിതകൾ ഉൾപ്പെടെ മറ്റ് 11 പേരാണ് യൂസഫലിയെ കൂടാതെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ബഹുമതിക്ക് അർഹരായിരിക്കുന്നത്. ഈ വർഷം പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.

2005 ൽ  പ്രവാസി ഭാരതീയ സമ്മാൻ, 2008 ൽ പത്മശ്രീ പുരസ്കാരം, 2014 ൽ ബഹ്റൈൻ രാജാവിൻ്റെ ഓർഡർ ഓഫ് ബഹ്റൈൻ, 2017 ൽ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ യൂസഫലിക്ക് ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്ക് നൽകുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അർഹനായതും യൂസഫലിയാണ്. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News