കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി വിലക്ക് ഖത്തര്‍ പിന്‍വലിച്ചു

നിപാ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഖത്തറിന്‍റെ ഈ തീരുമാനം.  

Last Updated : Jul 27, 2018, 03:34 PM IST
കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി വിലക്ക് ഖത്തര്‍ പിന്‍വലിച്ചു

ദുബൈ: നിപാ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഖത്തര്‍ പിന്‍വലിച്ചു. നിപാ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഖത്തറിന്‍റെ ഈ തീരുമാനം. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണു നിരോധനം നീക്കിയതായി അറിയിച്ചത്.

ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ എന്നീ മൂന്നു വിഭാഗങ്ങളിലുള്ള പഴം, പച്ചക്കറികളുടെ ഇറക്കുമതിക്കും അനുമതി നല്‍കിയിട്ടുണ്ട്. നിരോധനത്തെ തുടര്‍ന്നു കേരളത്തില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ചിലയിനം പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നേരിയ തോതില്‍ ക്ഷാമം നേരിട്ടിരുന്നു. അതേ സമയം, പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും വേനലവധിക്കായി നാട്ടിലേക്കു പോയതിനാല്‍ അതു കാര്യമായി ബാധിച്ചില്ല.

കേരളത്തില്‍ നിപാ വൈറസ് പടര്‍ന്ന ഘട്ടത്തില്‍ ലോക ആരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ കേരളത്തില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ തടഞ്ഞതോടെ പല ആഹാര വിഭവങ്ങള്‍ക്കും വലിയ ക്ഷാമം നേരിട്ടിരുന്നു. നോമ്പുകാലം മുഴുവന്‍ നേന്ത്രപ്പഴവും, കേരളത്തിന്‍റെ പല തനത് പച്ചക്കറികളും കിട്ടാതെയായി. 

വന്‍കിട ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ലുലു, നെസ്‌റ്റോ, കാരിഫോര്‍, അല്‍മായ എന്നിവയെല്ലാം മറ്റു നാടുകളില്‍ നിന്ന് ആവശ്യാനുസരണം ബദല്‍ ഇനങ്ങള്‍ ഇറക്കുമതി ചെയ്താണ് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരുന്നത്.

Trending News