മ്യൂസിയം ഓഫ് ഇല്യൂഷന്‍സ്: മായക്കാഴ്ചകളുടെ വിസ്മയചെപ്പ്!

കാഴ്ചയേത് കെട്ടുകാഴ്ചയേത് എന്ന് മനസിലാക്കാന്‍ സാധിക്കാത്ത ഈ വിസ്മയചെപ്പിനുള്ളില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് വിലക്കില്ല.

Last Updated : Sep 13, 2018, 02:34 PM IST
മ്യൂസിയം ഓഫ് ഇല്യൂഷന്‍സ്: മായക്കാഴ്ചകളുടെ വിസ്മയചെപ്പ്!

മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബായിലെ  അല്‍ സീഫ് ഡെവലപ്മെന്‍റ് സെന്‍ററില്‍ പ്രവര്‍ത്തനമാരംഭിച്ചു‍.  കാഴ്ചയേത് കെട്ടുകാഴ്ചയേത് എന്ന് മനസിലാക്കാന്‍ സാധിക്കാത്ത ഈ വിസ്മയചെപ്പിനുള്ളില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് വിലക്കില്ല.

കണ്ണുകള്‍ കൊണ്ട് കാണുന്നത് മസ്തിഷ്കത്തിന് മനസിലാക്കാന്‍ പറ്റാത്ത വിധത്തിലുള്ള ശാസ്ത്ര സാധ്യത അടിസ്ഥാനമാക്കിയാണ് മ്യൂസിയം രൂപകല്‍പന ചെയ്തിരിക്കുന്നത്. 

ശാസ്ത്രം, കണക്ക്, ബയോളജി, മനശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി സജ്ജമാക്കിയിരിക്കുന്ന എണ്‍പതിലധികം ഇല്യൂഷന്‍സാണ് ഇവിടെയുള്ളത്. കമ്പനിയുടെ ഇതുവരെയുള്ള ബ്രാഞ്ചുകളില്‍ ഏറ്റവും വലിയ എഡിഷനാണ് ദുബായിലേത്.

നവീന രീതിയിലുള്ള ദൃശ്യ ഭൌതീക പ്രദര്‍ശനങ്ങളായതിനാല്‍ എല്ലാ പ്രായക്കാര്‍ക്കും ഇല്യൂഷന്‍സ് ആസ്വദിക്കാന്‍ സാധിക്കും.മൂന്ന് വര്‍ഷം മുമ്പ് ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രേബിലായിരുന്നു ആദ്യമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സിന് തുടക്കമിട്ടത്.

ഒമാന്‍, ഓസ്ട്രിയ, ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിലവില്‍ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ആരംഭിച്ചിട്ടുണ്ട്. ഏതന്‍സ്, ന്യൂയോര്‍ക്ക്, ടൊറന്‍റോ, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും ധാരണയായിട്ടുണ്ട്.

എല്ലാ പ്രായക്കാര്‍ക്കും ആകര്‍ഷകമാകുന്ന രീതിയിലാണ് മ്യൂസിയത്തിലെ ഓരോ കാഴ്ചകളും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും, പരമ്പരാഗത ശൈലികളില്‍ നിന്നും വ്യത്യസ്തമായിരിക്കും മ്യൂസിയത്തിലെ പ്രദര്‍ശനങ്ങളെന്നും ദുബായ് മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് മാനേജര്‍ വര്വര ശ്വിസ്‌ചേവ പറഞ്ഞു. 

അന്തര്‍ദേശീയ വിനോദ സഞ്ചാരികളെയും നഗരവാസികളെയും ലക്ഷ്യമിട്ട് തുടങ്ങുന്ന മ്യൂസിയം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം നല്‍കുമെന്നും വര്വര വ്യക്തമാക്കി. കുട്ടികള്‍ക്ക് 60ഉം മുതിര്‍ന്നവര്‍ക്ക് 80ഉം ദിര്‍ഹമാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശന നിരക്ക്.

Trending News