പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്താം

ഹൃദ്രോഗം പോലുള്ള പ്രമേഹ സങ്കീർണതകൾ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രധാനമാണ്.

രക്തത്തിലെ ​ഗ്ലൂക്കോസ് കൂടുതലാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഉള്ളവർ ആരോ​ഗ്യകാര്യങ്ങളിൽ വളരെയേറെ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. ചില ഭക്ഷണങ്ങൾ പ്രമേഹമുള്ളവർ കഴിക്കാൻ പാടില്ല. പ്രമേഹമുള്ളവർ ശരിയായ ഭക്ഷണം തിരഞ്ഞെടുത്താൽ അവർക്ക് ആരോഗ്യകരമായി ജീവിക്കാൻ കഴിയും. ഒരു വ്യക്തിക്ക് ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം കണ്ടെത്തിക്കഴിഞ്ഞാൽ, അത് പൂർണ്ണമായും സുഖപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനോ തടയാനോ നമുക്ക് കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്ന ചിന്ത മനസിൽ ഉണ്ടാകണം. ഹൃദ്രോഗം പോലുള്ള പ്രമേഹ സങ്കീർണതകൾ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രധാനമാണ്.

1 /5

ഫാറ്റി ഫിഷ് (കൊഴുപ്പടങ്ങിയ മത്സ്യം) - പ്രമേഹം പലപ്പോഴും ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. അത് കൊണ്ട്D തന്നെ ആരോഗ്യമുള്ള ഹൃദയം നിലനിർത്താൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. സാൽമൺ, മത്തി, ആങ്കോവീസ്, അയല തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളായ DHA, EPA എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം നൽകുന്നു. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള പ്രമേഹമുള്ള ആളുകൾക്ക് ഈ നല്ല കൊഴുപ്പുകൾ ആവശ്യത്തിന് പതിവായി കഴിക്കുന്നത് വളരെ പ്രധാനമാണ്.

2 /5

ഇലക്കറികൾ - പച്ച ഇലക്കറികൾ വളരെ പോഷകഗുണമുള്ളതും കലോറി കുറവുള്ളതും ആയതിനാൽ‌ പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. ഈ പച്ചക്കറികളിൽ ദഹിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ അല്ലെങ്കിൽ ശരീരം ആഗിരണം ചെയ്യുന്ന കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. അതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കാര്യമായി ബാധിക്കില്ല. ചീര, കാലെ, മറ്റ് ഇലക്കറികൾ എന്നിവ പ്രമേഹ രോഗികൾക്ക് കൂടുതൽ ആവശ്യമായ വിറ്റാമിൻ സി ഉൾപ്പെടെ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടങ്ങളാണ്.

3 /5

മുട്ട - മുട്ട പതിവായി കഴിക്കുന്നത് പല വിധത്തിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കും. മുട്ടകൾ വീക്കം കുറയ്ക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും. എച്ച്ഡിഎൽ വർധിപ്പിക്കും. അത് നല്ല കൊളസ്ട്രോൾ അളവ് കൂട്ടി, ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. 2019 ലെ ഒരു പഠനത്തിൽ, ഉയർന്ന കൊഴുപ്പും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള പ്രഭാതഭക്ഷണം കഴിക്കുന്നത് പ്രമേഹമുള്ളവരെ ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.

4 /5

നട്സ് - മിക്ക അണ്ടിപ്പരിപ്പുകളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ നെറ്റ് കാർബോഹൈഡ്രേറ്റുകൾ കുറവാണ്. എന്നിരുന്നാലും ചിലതിൽ മറ്റുള്ളവയേക്കാൾ കൂടുതലാണ്. സ്ഥിരമായി കഴിക്കുന്നത് വീക്കം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയും എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് വിവിധതരം അണ്ടിപ്പരിപ്പുകളെക്കുറിച്ചുള്ള ഗവേഷണം തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ളവരുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നട്‌സ് സഹായിക്കും.

5 /5

ബ്രൊക്കോളി - പല രോഗങ്ങളും തടയാൻ സഹായിക്കുന്ന ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളിൽ ഒന്നാണ് ബ്രൊക്കോളി. ഇതിന് കുറഞ്ഞ കലോറിയും ദഹിക്കാൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റും ഉണ്ട്. വിറ്റാമിൻ സി, മഗ്നീഷ്യം തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പുഷ്ടമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബ്രോക്കോളി സഹായിച്ചേക്കാം. ബ്രൊക്കോളിയും മുളകളും കഴിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് കാരണമാകുമെന്ന് ഒരു പഠനം കണ്ടെത്തി. ബ്രൊക്കോളി, മുളകൾ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളിലെ സൾഫോറഫേൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യം ഇതിന് കാരണമാകാം.

You May Like

Sponsored by Taboola