ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. 2022-23 സീസണിലേക്കുള്ള കരാർ പട്ടിക കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുറത്ത് വിട്ടത്. ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡ് വിഭാഗത്തിലാണ് സഞ്ജുവിനെ ബിസിസിഐ ഉൾപ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന്റെ കരിയറിൽ ഇതാദ്യമായിട്ടാണ് ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ ഇടം നേടുന്നത്. മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്തിന് ശേഷം ബിസിസിഐയുടെ കരാർ പട്ടികയിൽ ഇടം നേടുന്ന മറ്റൊരു മലയാളി താരമാണ് സഞ്ജു സാംസൺ. 2005-06 സീസണിലേക്കുള്ള കരാർ പട്ടികയിലാണ് സഞ്ജുവിന് മുമ്പ് ശ്രീശാന്ത് ഇടം നേടിയത്. അന്ന് ശ്രീശാന്തും സഞ്ജുവിനെ പോലെ പട്ടികയിൽ ഗ്രേഡ് സിയിൽ തന്നെയായിരുന്നു. 25 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന്റെ പ്രതിഫലം.
സഞ്ജു ഇൻ 2022 സീസൺ
സീസണിലെ വൈറ്റ് ബോൾ ഫോർമാറ്റിലെ സഞ്ജുവിന്റെ പ്രകടനമായിരുന്നു മലയാളി താരത്തെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വാർഷിക കരാർ പട്ടികയിൽ ഇടം നേടാൻ സഹായിച്ചത്. 2022 സീസണിൽ പത്ത് ഏകദിന മത്സരങ്ങളിൽ ബാറ്റ് ചെയ്ത സഞ്ജുവിന്റെ ശരാശരി പ്രകടനം 71.00 ആണ്. ഈ സീസണിലാണ് താരം രണ്ട് അർധ സെഞ്ചുറികൾ നേടിയത്. അതും ഓവർസീസ് മത്സരങ്ങളിലായിരുന്നു താരത്തിന്റെ നേട്ടം. അതേസമയം ട്വന്റി 20ലേക്ക് വരുമ്പോൾ 2015 മുതൽ കരിയർ ആരംഭിച്ച മലയാളി താരത്തിന്റെ ഏറ്റവും മികച്ച ഉണ്ടായത് 2022 സീസണിലാണ്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു അർധ സെഞ്ചുറി അടക്കം 122 റൺസ് നേടിട്ടുണ്ട്. 61 റൺസാണ് താരത്തിന്റെ ശരാശരി നേട്ടം. ആ അർധ സെഞ്ചുറി നേടിയതും ഓവസീസ് മത്സരത്തിലാണ്.
രാഹുലിനെ തഴയുമോ ബിസിസിഐ
പട്ടികയിൽ ശ്രദ്ധേയമാകുന്നത് കെ.എൽ രാഹുലിനേറ്റ തരംതാഴ്ത്തലാണ്. ഇന്ത്യൻ ടീമിന്റെ ഉപനായകനായി തിരഞ്ഞെടുത്ത രാഹുൽ ഇത്തവണ ബി ഗ്രേഡിലേക്ക് തരംതാഴത്തപ്പെട്ടു. കഴിഞ്ഞ സീസണിൽ രാഹുൽ പട്ടികയ എ ഗ്രേഡിലായിരുന്നു. സീസണിൽ താരം പിന്തുടർന്ന മോശം ഫോമാണ് രാഹുലിൽ ബിസിസിഐയുടെ ഭാഗത്ത് നിന്നും തരംതാഴ്ത്തൽ നേരിട്ടിരിക്കുന്നത്. ടെസ്റ്റിൽ 17.12 മാത്രമാണ് രാഹുലിന്റെ ശരാശരി പ്രകടനം. ഏകദിനത്തിൽ വരുമ്പോൾ 2022ൽ പത്ത് മത്സരങ്ങളിൽ ബാറ്റ് ചെയ്ത രാഹലിന്റെ ആവറേജ് 27.88 ആണ്. ടി20ലും സമാനമായ ബാറ്റിങ് ശരാശരിയാണ് കെ.എൽ രാഹുൽ പിന്തുടർന്നത്.
ബിസിസിഐ കരാർ പട്ടിക
നാല് കാറ്റഗറിയിലായി ഗ്രേഡ്- എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് ബിസിസിഐയുടെ കരാർ പട്ടിക. എ പ്ലസ് പട്ടികയിൽ ഇടം നേടുന്നവർക്ക് പ്രതിഫലമായി ഏഴ് കോടി രൂപ ലഭിക്കും. അഞ്ച് കോടിയാണ് എ ഗ്രേഡ് വിഭാഗത്തിലുള്ളവർക്ക് ലഭിക്കുക. ബി വിഭാഗത്തിൽ ഉള്ളവർക്ക് മൂന്നും ഏറ്റവും ഗ്രേഡ് സിയിൽ ഉള്ളവർക്ക് ഒരു കോടിയുമാണ് ബിസിസിഐ പ്രതിഫലം നൽകുക. കഴിഞ്ഞ സീസണിൽ പട്ടികയിൽ ഇടം ലഭിച്ചിരുന്ന ഭുവനേശ്വർ കുമാർ, അജിങ്ക്യാ രഹാനെ, ഇഷാന്ത് ശർമ, ഹനുമാ വിഹാരി, മയാങ്ക് അഗർവാൾ, വൃദ്ധിമാൻ സാഹാ, ദീപക് ചഹർ തുടങ്ങിയവർ 2022-23 സീസണിലെ പട്ടികയിൽ ഇല്ല. അതേസമയം വാഹനപകടത്തിൽ പരിക്കേറ്റ് റിഷഭ് പന്ത് പട്ടികയിൽ എ ഗ്രേഡ് വിഭാഗത്തിൽ ഇടം നേടിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ യുവ പേസർ ഉമ്രാൻ മാലിക്കിനെ ഒഴിവാക്കിയത് എന്തിനെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഗ്രേഡ് എ പ്ലസ് - രോഹിത് ശർമ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ
ഗ്രേഡ് എ - ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്സർ പട്ടേൽ
ഗ്രേഡ് ബി - ചേതേശ്വർ പുജാര, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ
ഗ്രേഡ് സി - ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ.എസ് ഭരത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റിലും ആദ്യ പരിഗണന ലഭിക്കുന്ന താരങ്ങളെയാണ് എ പ്ലസ് ഗ്രേഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എ ഗ്രേഡ് താരങ്ങൾക്ക് പ്രധാനമായിട്ടും ടെസ്റ്റ് ഏകദിനം ഫോർമാറ്റുകളിൽ ഉണ്ടാകും. ഇന്ത്യയുടെ വൈറ്റ് ബോൾ ഫോർമാറ്റുകളിലേക്കാണ് ബി ഗ്രേഡ് താരങ്ങൾക്ക് ലഭിക്കുന്ന പരിഗണന. സി ഗ്രേഡിലുള്ളവർക്ക് മൂന്ന് ഫോർമാറ്റ് ക്രിക്കറ്റിൽ ഏതേലും ഒന്നിൽ അവസരവും പരിഗണനയും ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...