കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്‍റ്: കൊളംബിയയെ തകര്‍ത്ത് തുടര്‍ച്ചയായി രണ്ടാം തവണയും ചിലി ഫൈനലില്‍

Last Updated : Jun 23, 2016, 11:48 AM IST
കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്‍റ്: കൊളംബിയയെ തകര്‍ത്ത് തുടര്‍ച്ചയായി രണ്ടാം തവണയും ചിലി ഫൈനലില്‍

ചിക്കാഗോ∙ കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റില്‍  കൊളംബിയയെ തകര്‍ത്ത് തുടര്‍ച്ചയായി രണ്ടാം തവണയും ചിലി ഫൈനലില്‍. ഇന്നു പുലർച്ചെ നടന്ന മൽസരത്തിൽ കൊളംബിയയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്ത് നിലവിലെ ചാംപ്യൻമാരായ ചിലെ ഫൈനലിൽ കടന്നതോടെയാണ് തുടർച്ചയായ രണ്ടാം വർഷവും ചിലെ-അർജന്റീന ഫൈനലിൽ കളമൊരുങ്ങിയത്. ചിലിക്ക് വേണ്ടി ചാള്‍സ് അരാഗ്യുസും ഫ്യുന്‍സാലിഡും ഗോള്‍ വേട്ട നടത്തി. ഇടയ്ക്ക് മഴയും മിന്നലും കാരണം മൽസരം തടസപ്പെട്ടിരുന്നു.

മത്സരം തുടങ്ങി ഏഴാം മിനിട്ടിലാണ് ചിലിയുടെ ആദ്യ ഗോള്‍ പിറന്നത്. ചാള്‍സ് അരാഗ്യുസ് മധ്യഭാഗത്ത് നിന്ന് തൊടുത്ത വലതുകാല്‍ ഷോട്ടാണ് ഗോളായത്. പതിനൊന്നാം മിനിട്ടില്‍ പെഡ്രൊ ഫ്യുന്‍സാലിഡ് രണ്ടാം ഗോള്‍ നേടി മത്സരത്തില്‍ ചിലിയന്‍ ആധിപത്യം ഉറപ്പിച്ചു.  കൊളംബിയൻ പ്രതിരോധത്തിന്റെ പിടിപ്പുക്കേടാണ് ചിലിയുടെ രണ്ടാം ഗോളിന് വഴി ഒരുക്കിയത്.

ആദ്യ പകുതി അവസാനിക്കാന്‍ നാലു  മിനിറ്റ് മാത്രം ശേഷിക്കെ മഞ്ഞ കാര്‍ഡ് കണ്ട കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചെസ്,  അന്‍പത്തിഏഴാം മിനിറ്റിൽ വീണ്ടും  മഞ്ഞക്കാർഡ് കണ്ടതോടെ  10 പേരുമായിട്ടായിരുന്നു പിന്നീടങ്ങോട്ടുള്ള കൊളംബിയയുടെ പോരാട്ടം.

ആദ്യപകുതിയിൽ ഗോൾ തിരിച്ചടിക്കാൻ കൊളംബിയ ആവുന്നതുശ്രമിച്ചെങ്കിലും ചിലെ പ്രതിരോധം പിടിച്ചുനിന്നതോടെ ഇതേ സ്കോറിൽ ഇടവേള. കനത്ത മഴയും ഇടിമിന്നലുമെത്തിയതോടെ മൽസരം തടസപ്പെട്ടു. പിന്നീട് മൽസരം പുനഃരാരംഭിച്ചെങ്കിലും മൈതാനം മഴയിൽ കുതിർന്നതോടെ നീക്കങ്ങൾ പ്രയാസമായി. കാർലോസ് സാഞ്ചസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോവുകയും ചെയ്തതോടെ കൊളംബിയയുടെ തിരിച്ചടിയുടെ മൂർച്ച കുറഞ്ഞു. ഒടുവിൽ രണ്ട് ഗോൾ വിജയവുമായി ചിലെ കോപ്പ അമേരിക്ക ഫൈനലിലേക്ക്.

 അടുത്ത തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ്  ഫൈനല്‍.  കഴിഞ്ഞ വര്‍ഷം കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.

Trending News