ലണ്ടൺ : സെനെഗലിനെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ച ഇംഗ്ലണ്ടിന് തിരിച്ചടി. ഇംഗ്ലീഷ് ടീമിന്റെ മുന്നേറ്റ താരം റഹീം സ്റ്റെർലിങ് ഇംഗ്ലണ്ട് ടീമിന്റെ ലോകകപ്പ് ക്യാമ്പ് വിട്ടു. ഡിസംബർ മൂന്ന് ശനിയാഴ്ച ഇംഗ്ലണ്ടിലുള്ള താരത്തിന്റെ വീട്ടിൽ കള്ളന്മാർ അതിക്രമിച്ചു കയറിയതിനെ തുടർന്നാണ് ചെൽസി വിങ്ങർ ടീം വിട്ടത്. താരത്തിന്റെ വീട്ടിൽ പങ്കാളിയും കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. കുടുംബപരമായ വിഷയത്തെ തുടർന്ന് സ്റ്റെർലിങ് ഖത്തർ വിട്ടുയെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അറിയിക്കുകയും ചെയ്തു.
ഈ സമയത്ത് താരത്തിന്റെ സാന്നിധ്യം കുടുംബത്തിന് ആവശ്യമാണ്. എത്രനാൾ അവർക്കൊപ്പം ചിലവഴിക്കുന്നതെന്ന് സ്റ്റെർലിങ് തന്നെ തീരുമാനിക്കട്ടെ. താരത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചിലത്താൻ സാധിക്കില്ല. താരത്തിന്റെ അഭാവം ടീമിനെ ബാധിക്കില്ല. സ്റ്റെർലിങ്ങിന് തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഇംഗ്ലണ്ട് ടീമിന്റെ കോച്ച് ഗാരെത് സൗത്ത്ഗേറ്റ് സെനെഗലിനെതിരെയുള്ള പ്രീക്വാർട്ടർ മത്സരത്തിന് ശേഷം പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റെർലിങ്ങിനെ കഴിഞ്ഞ ദിവസം നടന്ന സെനെഗലിനെതിരെയുള്ള മത്സരത്തിൽ നിന്നും സൗത്ത് ഗേറ്റ് ഒഴിവാക്കിയിരുന്നു. പകരം മാർക്കസ് റാഷ്ഫോഡിനെ ഇംഗ്ലീഷ് കോച്ച് തന്റെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. മത്സരത്തിൽ ഇംഗ്ലണ്ട് ആഫ്രിക്കൻ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. താരനിബിഢമായ ഇംഗ്ലണ്ട് സ്വാകാഡിനെ സ്റ്റെർലിങ്ങിന്റെ അഭാവം ബാധിക്കില്ലെയെന്നാണ് ഇംഗ്ലീഷ് ടീമിന്റെ ആരാധകർ പറയുന്നത്.
ഖത്തർ ലോകകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങളിലായി സ്റ്റെർലിങ് ഒരു ഗോൾ ഇംഗ്ലണ്ടിനായി നേടിട്ടുണ്ട്. ഇറാനെതിരെയാണ് താരത്തിന്റെ ഗോൾ നേട്ടം. ഇംഗ്ലണ്ടിനായി 80 മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞ താരം ഇതുവരെ 20 ഗോളുകൾ നേടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...