മുംബൈ : ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന പേസ് ബോളറായ ദീപക് ചഹർ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായി. പരിശീലനത്തിനിടെ ഇന്ത്യൻ താരത്തിന് പുറത്ത് പരിക്കേൽക്കുകയായിരുന്നുയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റ താരത്തെ ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി.
രണ്ടാഴ്ചകൾ കൊണ്ട് താരത്തിന്റെ പരിക്ക് ഭേദമാകും എന്നാൽ നടുവിനേറ്റ പരിക്കായതിനാൽ ചഹറിന് ഈ സീസണിൽ ചെന്നൈയ്ക്കായി ഇനി പന്തെറിയാൻ സാധിക്കില്ലയെന്ന് വിവിധ വൃത്തങ്ങൾ സൂചന നൽകി. ബോൾ ചെയ്യുന്നതിനിടെ വീണ താരത്തിന്റെ നടുവിന് പരിക്കേൽക്കുകയായിരുന്നുയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ ഈ വർഷം നടന്ന വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരക്കിടെ ചഹറിനെ പരിക്കേറ്റിരുന്നു. അത് ഭേദമായി താരം ചെന്നൈക്കൊപ്പം ചേർന്നതിന് തൊട്ടുപിന്നാലെയാണ് ചഹറിന് വീണ്ടും പരിക്കേൽക്കുന്നത്. ആ പരിക്കിനെ തുടർന്ന് ഇന്ത്യൻ പേസർ ആദ്യ നാല് മത്സരങ്ങളിലും ചെന്നൈയ്ക്ക് വേണ്ടി പന്തെറിഞ്ഞിരുന്നില്ല. എന്നിരുന്നാലും പരിക്കിനെ സംബന്ധിച്ച് സിഎസ്കെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഐപിഎൽ 2022 സീസണിന്റെ മോശം തുടക്കത്തിന് പിന്നാലെ ചെന്നൈ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും കൂടിയാണ് ചഹറിനേറ്റ പരിക്ക്. ചെന്നൈ തോറ്റ കഴിഞ്ഞ നാല് മത്സരങ്ങളിലും ഇന്ത്യൻ താരം ചെന്നൈയ്ക്കായി പന്തെറിഞ്ഞിട്ടില്ലായിരുന്നു.
ALSO READ : IPL 2022 : ബാംഗ്ലൂരുവിന് തിരിച്ചടി; സഹോദരിയുടെ മരണത്തെ തുടർന്ന് ഹർഷാൽ പട്ടേൽ ടൂർണമെന്റ് വിട്ടു
ഐപിഎൽ 2022 മെഗാതരലേലത്തിൽ രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ താരമാണ് ദീപക് ചഹർ. 14 കോടി രൂപയ്ക്കാണ് സിഎസ്കെ ഇന്ത്യൻ പേസറെ ലേലത്തിലൂടെ സ്വന്തമാക്കിയത്. 15.75 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഇഷാൻ കിഷനാണ് ഇത്തവണത്തെ ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരം.
അതേസമയം സീസണിലെ ആദ്യ ജയം തേടി രവീന്ദ്ര ജഡേജ നയിക്കുന്ന സിഎസ്കെ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെതിരെ ഇറങ്ങും. ചെന്നൈക്കെതിരെയുള്ള മത്സരത്തിന് മുമ്പ് ആർസിബിക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ബാംഗ്ലൂർ ടീമിന്റെ പ്രധാന ബോളറായ ഹർഷൽ പട്ടേൽ സഹോദരിയുടെ മരണത്തെ തുടർന്ന് ടീമിന്റെ ബയോ ബബിൾ വിട്ട് പുറത്ത് പോയി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.