ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദമാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ തിരി കൊളുത്തിയത്. സംഭവം നടന്ന് ദിവസം രണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന്റെ കളത്തിലെ പ്രതിഷേധം ഇപ്പോഴും ചർച്ചയായി കൊണ്ടിരിക്കുകയാണ്. കോച്ച് ഇവാൻ വുകോമാനോവിച്ച് അശാസ്ത്രീയമായ റഫറിയുടെ വിധിയോട് പ്രതിഷേധം അറിയിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഐഎസ്എൽ 2022-23 സീസണിന്റെ ആദ്യ പ്ലേ ഓഫിൽ നിന്നും മത്സരത്തിനിടെ തിരിച്ചു വിളിക്കുകയായിരുന്നു. കോച്ചിന്റെ ഈ തീരുമാനത്തെ മഞ്ഞപ്പട ആരാധകർ ഒന്നടങ്കം പിന്തുണച്ചപ്പോൾ ഫുട്ബോൾ മേഖലയിൽ മറ്റ് ചിലർ എതിർക്കുകയും ചെയ്തു.
ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം ഇയാൻ ഹ്യൂം ഉൾപ്പെടെയുള്ളവർ ബെംഗളൂരു എഫ് സിക്കെതിരെയുള്ള മത്സരത്തിൽ ടീമിനെ കളത്തിൽ നിന്നും കോച്ച് തിരികെ വിളിച്ചത് ശരിയായില്ലയെന്നാണ് നിലപാട് എടുത്തത്. എന്നാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർമാരിൽ ഒരാളായ അൽവാരോ വാസ്ക്വസ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. ധീരമായ തീരുമാനം എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിലവിൽ എഫ് സി ഗോവ താരമായ അൽവാരോ ബ്ലാസ്റ്റേഴ്സ് കോച്ചിന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണ അറിയിച്ചിരിക്കുന്നത്.
"മത്സരം ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നത് നാണക്കേടായി പോയി. പക്ഷെ ഇത് കോച്ച് ഇവാന്റെ ക്ലബിന്റെയും ഭാഗത്ത് നിന്നുണ്ടായ ധീരമായ തീരുമാനമാണ്. ഇത് മുൻ നിർത്തി ലീഗ് മികച്ചതും കൂടുതൽ തുല്യവുമായ മത്സരങ്ങൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു" അൽവാരോ വാസ്ക്വെസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഐഎസ്എൽ 2022-23 സീസണിന്റെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫീകിക്ക് ഗോളാണ് വിവാദത്തിലേക്ക് വഴിവെച്ചത്. കേരളത്തിന്റെ ബോക്സിന് തൊട്ടുപ്പുറത്ത് നിന്നും ബിഎഫ്സിക്ക് ലഭിച്ച ഫ്രീകിക്കിനെതിരെ ബ്ലാസ്റ്റേഴ്സിന് പ്രതിരോധം സൃഷ്ടിക്കാൻ സമയം നൽകുന്നതിന് മുമ്പായി ഛേതി ഗോൾ അടിച്ചു. അത് ഗോളാണ് റഫറി വിധിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഡഗ്ഗ്ഔട്ട് ഉൾപ്പെടെ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ച് നിന്നു. ഇതോടെ കോച്ച് ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളോട് കളം വിടാൻ ആഹ്വാനം ചെയ്തു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പിന്നാലെ മാച്ച് കമ്മീഷ്ണർ ഉൾപ്പെടെയുള്ളവരെത്തി ബെംഗളൂരു എഫ്സി ജയിച്ചതായി വിധി എഴുതുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...