കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരങ്ങളാണ് ശ്രീശാന്തും സഞ്ജു സാംസണും. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഇന്ത്യയുടെ തന്നെ മികച്ച ബോളറായ ശ്രീശാന്ത് വിരമിച്ചെങ്കിലും ആരും പെട്ടന്ന് ഒന്നും ആ പേര് മറക്കില്ല. വിദേശ രാജ്യങ്ങളിലെ പിച്ച് പോലും അനുകൂലമാക്കി വിക്കറ്റുകള്‍ പിഴുത് എടുക്കാനുള്ള ശ്രീശാന്തിന്റെ മികവ് തന്നെയാണ് അതിനുള്ള കാരണം. പല വിവാദങ്ങളിലൂടെ ശ്രീശാന്ത് കടന്ന് പോയെങ്കിലും ക്രിക്കറ്റ് ലോകത്തിലേക്ക് മടങ്ങി വരണമെന്ന ദൃഢനിശ്ചയം തന്നെയാണ് പിന്നീട് മലയാളി താരത്തിന് നീണ്ട ഇടവേളയ്ക്ക് ശേഷം കേരള ക്രിക്കറ്റിലേക്ക് തിരിച്ചെത്തിച്ചത്. രഞ്ജി മത്സരങ്ങളിൽ പങ്കെടുക്കുകയും അവസാനം കേരളത്തിന്റെ ജേഴ്സി അണിഞ്ഞുകൊണ്ട് ക്രിക്കറ്റ് കരിയറിന് അവസാനം കുറിക്കുകയും ചെയ്തത്. അതുപോലെ തന്നെ സഞ്ജു സാസംണും. ഇന്ന് മലയാളി ക്രിക്കറ്റ് ആരാധകരുടെ ഏക പ്രതീക്ഷയാണ് സഞ്ജു. ദേശീയ ടീമിൽ സഞ്ജുവിന് അവസരം നിഷേധിക്കുമ്പോൾ മലയാളികൾ ഒന്നടങ്കമാണ് ബിസിസിഐക്കെതിരെ ശബ്ദമുയർത്തുന്നത്
മലയാളികളുടെ പ്രിയ താരമാണ് ഇരുവരെങ്കിലും കളിക്കളത്തിലെ സഞ്ജുവിന്റെയും ശ്രീശാന്തിന്റെയും സ്വഭാവ വൈവിധ്യം വ്യത്യസ്തമാണ്. മൈതനാത്ത് പൊതുവെ ശാന്തനായിട്ടാണ് സഞ്ജുവിന് കാണപ്പെടാറുള്ളത്. ശ്രീശാന്താകാട്ടെ ഭയങ്കര അഗ്രസീവായും. എന്നാൽ ഇരുവരും ഡ്രസ്സിങ് റൂമിൽ എങ്ങനെയാണെന്ന് സീ മലയാളം ന്യൂസിനോട് വ്യക്തമാക്കുകയാണ് കേരള ക്രിക്കറ്റ് താരം രോഹൻ പ്രേം. മൈതാനത്ത് അഗ്രസ്സീവായ ശ്രീശാന്ത് ആണെങ്കിൽ ഡ്രസ്സിങ് റൂമിൽ വളരെ കൂളായിരുന്നു. എല്ലാവരെയും ഒന്നിച്ച് കോണ്ട് പോകാനും എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കാനും ശ്രീശാന്തിന് കഴിയും. ആ സമയം ഡ്രസ്സിങ് റൂമിൽ ഒരു ഓളം തന്നെയാകും. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും കേരളത്തിനായി അദ്ദേഹം ബോൾ ചെയ്തിട്ടുണ്ട്. കേരള ടീമിന് അദ്ദേഹം വലിയ ഊർജ്ജം തന്നെ ആയിരുന്നുയെന്ന് രോഹൻ പറഞ്ഞു.
ഇത്രയും വാശിയുള്ള ഒരു ക്രിക്കറ്റർ ചുരുക്കമായിരിക്കും. അനുകൂലമല്ലാത്ത സാഹചര്യത്തിൽ നിന്നു പോലും അദ്ദേഹം ഹാട്രിക്കുകൾ നേടിയിട്ടുണ്ട്. അണ്ടർ 14 മുതൽ ഈ വീറും വാശിയും ശ്രീശാന്തിലുണ്ടായിരുന്നു. കേരളത്തിലെ വളർന്നു വരുന്ന യുവതലമുറയ്ക്ക് ശ്രീശാന്തിനെ പോലുള്ള ഒരു പ്രതിഭയുടെ അനുഭവസമ്പത്ത് അവശ്യമാണെന്നും രോഹൻ പറഞ്ഞുവയ്ക്കുന്നു.
സഞ്ജുവിനെ വളരെ ചെറുപ്പം മുതൽ തനിക്കറിയാം. ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ആളുകളെ വളരെ ചുരുക്കം മാത്രമേ കാണാൻ കഴിയുകയുള്ളു. ചങ്കൂറ്റതോടെ ഏതൊരു മത്സരവും നേരിടാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ശ്രീലങ്കയ്ക്കെതിരെയുള്ള ടി20യില്‍ പറ്റിയ പരിക്ക് നിർഭാഗ്യമായിപോയി. ടീമിൽ ഇടം ലഭിച്ചിട്ടും സഞ്ജുവിന് പലപ്പോഴും സൈഡ് ബഞ്ചിൽ ഇരിക്കേണ്ടി വന്നത് നിർഭാഗ്യകരമാണ്. കേരളത്തിൽ നിന്ന് ഇന്ത്യക്കായി കളിച്ചത് ചുരുക്കം ചിലരാണ്. മലയാളിയായ ഒരാൾ പോയി പുറത്തിരിക്കുന്നത് ഏറെ സങ്കടമാണെന്നും രോഹൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
കേരള ക്രിക്കറ്റ് ക്യപ്റ്റൻ കൂടിയായ സഞ്ജു രഞ്ജി മത്സരത്തിനായി ടീമിനൊപ്പം ചേർന്നത് മുതൽ വളരെ വലിയ ഊർജ്വമായിരുന്നു സഹതാരങ്ങൾക്ക് ലഭിച്ചത്. ആരെങ്കിലും മോശം പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നതെങ്കിൽ പോലും ഒരുമിച്ച് നിർത്തി മുന്നോട്ട് കൊണ്ടുപോകാൻ സഞ്ജുവിന് കഴിയും. ഡ്രസ്സിങ് റൂമിൽ വളരെ ജോളിയാണ് സഞ്ജു. എങ്കിലും സീരിയസ് ആകേണ്ട സമയത്ത് സീരിയസ് ആകും. ഗ്രൌണ്ടിലെ പോലെ തന്നെ എല്ലാവരിലേക്കും ഊർജ്ജം പകരാൻ സഞ്ജുവിന് കഴിയാറുണ്ട് രോഹൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...