തിരുവനന്തപുരം: ഇനിയുള്ള പത്തു ദിവസങ്ങള്‍ കേരളത്തിന് കായിക കരുത്തിന്റെ ദിനങ്ങളാണ്. പുതിയ വേഗവും ഉയരവും ദൂരവുമൊക്കെ കണ്ടെത്താന്‍ 14 ജില്ലകളില്‍ നിന്നുള്ള 7000 കായികതാരങ്ങള്‍ അണിനിരക്കുന്ന പ്രഥമ കേരള ഗെയിംസിനാണ് നാളെ തുടക്കമാകുന്നത്.
കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിംസ് നാളെ വൈകിട്ട് 5.30ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ അധ്യക്ഷനാകും.ചീഫ് സെക്രട്ടറി വി.പി. ജോയ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും.
കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്‌സര്‍ മേരി കോമിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവാര്‍ഡും ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പ്രശസ്തി പത്രവും സമ്മാനിക്കും. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ ജേതാക്കളായ പി.ആര്‍. ശ്രീജേഷിനെയും, രവി കുമാര്‍ ദഹിയയേയും ബജ്രംഗ് പൂനിയയേയും ചടങ്ങില്‍ ആദരിക്കും.
ALSO READ: Santhosh Trophy: കർണ്ണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്ത് കേരളം ഫൈനലിൽ
മലയാളി ഒളിംപ്യന്മാരായ സജന്‍ പ്രകാശും കെ.ടി. ഇര്‍ഫാനും അലക്‌സ് ആന്റണിയും എം.പി. ജാബിറും ആദരം ഏറ്റുവാങ്ങും. ഒളിമ്പിക് അസോസിയേഷന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമ്മാനിക്കും.
ഉദ്ഘാടനചടങ്ങിന് മുന്നോടിയായി വര്‍ണശബളായ റാലി നടക്കും. വൈകിട്ട് 4.30ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിന്നാണ് റാലി ആരംഭിക്കുക.രാജ്യത്തിന്റെ അഭിമാനമായ ഒളിംപ്യന്‍മാര്‍ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പില്‍ റാലിയില്‍ അണിനിരക്കും. കായികതാരങ്ങളും വിവിധ അസോസിയേഷന്‍ ഭാരവാഹികളും കായിക പ്രേമികളും റാലിയുടെ ഭാഗമാകും.റാലി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സമാപിക്കും.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ്. രാജീവ്, ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി. മോഹന്‍ദാസ്, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സികുട്ടന്‍, ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എം.ആര്‍. രഞ്ജിത്ത്, സായ് എല്‍എന്‍സിപി പ്രിന്‍സിപ്പാള്‍ ഡോ ജി. കിഷോര്‍, ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാവ്, കെ.സി. ലേഖ, സിയാല്‍ എംഡി എസ്. സുഹാസ് ഐഎഎസ്, ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്.എഎന്‍. രഘുചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. ബാലഗോപാല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്. സുധീര്‍, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് പത്മിനി തോമസ്, ഡോ വിജു ജേക്കബ്, പ്രേംകുമാര്‍, എം.കെ. ബിജു, ഹരികുമാര്‍ തുടങ്ങിയവരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.
24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, തൈയ്ക്കാട് പോലീസ് ഗ്രൗണ്ട്, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈഎംസിഎ, ഐആര്‍സി ഇന്‍ഡോര്‍ സ്റ്റേഡിയം ശംഖുമുഖം, കൊല്ലം ഹോക്കി സ്റ്റേഡിയം, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, വടകര എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...