വീണ്ടും നായകത്വം‍: പുതുചരിത്രം കുറിച്ച് ക്യാപ്റ്റന്‍ കൂള്‍!

അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് ധോണി വീണ്ടും ക്യാപ്റ്റന്‍റെ റോളില്‍ എത്തിയത്.  

Last Updated : Sep 26, 2018, 12:28 PM IST
വീണ്ടും നായകത്വം‍: പുതുചരിത്രം കുറിച്ച് ക്യാപ്റ്റന്‍ കൂള്‍!

ന്നലെ നടന്ന ഏഷ്യ കപ്പ്‌ മത്സരത്തില്‍ ക്യാപ്റ്റന്‍റെ തൊപ്പിയണിഞ്ഞ് പുതുചരിത്രം കുറിച്ച് ധോണി. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് ധോണി വീണ്ടും ക്യാപ്റ്റന്‍റെ റോളില്‍ എത്തിയത്.  

ഏകദിന ക്രിക്കറ്റിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്. 36 വയസും 124 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് അസഹ്റുദ്ദീന്‍ കുറിച്ച റെക്കോര്‍ഡാണ് ധോണി തിരുത്തിയത്.

ഇന്നലെ ക്യാപ്റ്റന്‍റെ റോളില്‍ വീണ്ടുമെത്തുമ്പോള്‍ ധോണിയ്ക്ക് പ്രായം 37 വയസും 80 ദിവസവുമായിരുന്നു. ഇന്നലെ ധോണിയുടെ നായകത്വത്തില്‍ അഫ്ഗാനെതിരെ ഇന്ത്യയുടെ അഞ്ചാമത്തെ ടൈ മത്സരമാണ് കഴിഞ്ഞത്. ഇതും പുതിയ ലോകറെക്കോര്‍ഡാണ്.

റിച്ചി റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് വോ, ഷോണ്‍ പൊള്ളോക്ക്  എന്നിവര്‍ക്ക് കീഴില്‍ മൂന്ന് മത്സരങ്ങള്‍ ഇതിന് മുന്‍പ് ടൈ ആയിട്ടുണ്ട്. കൂടാതെ, ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ധോണി ഇതോടൊപ്പം സ്വന്തമാക്കി.

504 മത്സരങ്ങള്‍ കളിച്ച ദ്രാവിഡിനെ പിന്നിലാക്കിയാണ് വിവിധ ഫോര്‍മാറ്റുകളിലായി 505 മത്സരങ്ങള്‍ കളിച്ച ധോണി റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്.  664 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിനാണ് ഏറ്റവും കൂടുതല്‍ തവണ ഇന്ത്യയെ പ്രതിനിധീകരിച്ച കളിക്കാരന്‍.

ഇതിനുപുറമെ, സ്റ്റീഫന്‍ ഫ്ലെമിംഗിനും റിക്കി പോണ്ടിംഗിനും ശേഷം 200 മത്സരങ്ങളില്‍ രാജ്യത്തിന്‍റെ ക്യാപ്റ്റനാവുന്ന മൂന്നാമത്തെ കളിക്കാരനായും ധോണി മാറി.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിലാണ് ധോണി നായകനായെത്തിയത്.  ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതിനാലാണ് ധോണിക്ക് വീണ്ടും നായകത്വം നല്‍കിയത്.

ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ധോണി വീണ്ടും ഇന്ത്യന്‍ നായകനായത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഇരുന്നൂറാം ഏകദിനമായിരുന്നു ഇന്നലെ കഴിഞ്ഞത്.
 

Trending News