'സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നത്...'

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുന്‍ ക്യാപ്റ്റന്‍ എം. എസ്. ധോണിയുടെ ക്രിക്കറ്റിലെ ഭാവി ഏറെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചുകൊണ്ടിരിക്കുകയാണ്. ധോണി ക്രിക്കറ്റില്‍നിന്നും ചെറിയ ഇടവേള എടുത്തതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് ആക്കം കൂടി.

Last Updated : Oct 26, 2019, 02:26 PM IST
'സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നത്...'

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുന്‍ ക്യാപ്റ്റന്‍ എം. എസ്. ധോണിയുടെ ക്രിക്കറ്റിലെ ഭാവി ഏറെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചുകൊണ്ടിരിക്കുകയാണ്. ധോണി ക്രിക്കറ്റില്‍നിന്നും ചെറിയ ഇടവേള എടുത്തതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് ആക്കം കൂടി.

അതേസമയം, എം.എസ് ധോണിയെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. 

സ്വന്തം ഷൂലേസ് കെട്ടാന്‍ പോലും അറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നവരില്‍ അധികവും എന്നായിരുന്നു രവി ശാസ്ത്രിയുടെ പരാമര്‍ശം. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന വാദപ്രതിവാദങ്ങള്‍ക്കിടെയാണ് രവി ശാസ്ത്രി മറുപടിയുമായി എത്തിയത്.

15 വര്‍ഷം ഇന്ത്യയ്ക്കുവേണ്ടി കളിച്ച ധോണിയ്ക്ക് എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു. ധോണി രാജ്യത്തിന് വേണ്ടി നേടിയ നേട്ടങ്ങള്‍ കാണാതെ പോകരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അദ്ദേഹം അടുത്തുതന്നെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്ന കാര്യം അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. അതിന് അനുവദിക്കുക. സമയം കൊടുക്കുക. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ധോണിയെ അവഹേളിക്കുന്നതിന് തുല്യമാണ്. 

ടെസ്റ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് ഓര്‍മ്മയുണ്ടോ? വിക്കറ്റ് കീപ്പി൦ഗ് ഗ്ലൗസ് വൃദ്ധിമാന്‍ സാഹയ്ക്ക് കൈമാറുന്നു എന്നും സാഹ അതിന് യോഗ്യനാണ് എന്നുമായിരുന്നു. അന്ന് ധോണി  പറഞ്ഞത് കൃത്യമായിരുന്നു, ശാസ്ത്രി പറഞ്ഞു. 
  
അടുത്തിടെ, ബിസിസിഐ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സൗരവ് ഗാംഗുലിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ചാമ്പ്യന്മാര്‍ അതിവേഗം അവസാനിക്കില്ല എന്നായിരുന്നു ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഗാംഗുലി നല്‍കിയ മറുപടി.

Trending News