ദോഹ: കഠിനാധ്വാനികളാണ് ജപ്പാന്‍കാര്‍. അതുപോലെ തന്നെ വൃത്തിയുടെ കാര്യത്തില്‍ വലിയ കണിശക്കാരും. ജപ്പാന്‍കാരുടെ കഠിനാധ്വാനത്തിന്റെ തെളിവാണ്, രണ്ട് ആറ്റം ബോംബുകളുടെ പ്രത്യാഘാതങ്ങളെ എല്ലാം മറികടന്ന് അവര്‍ ഇപ്പോഴെത്തിയിരിക്കുന്ന നില. ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ എന്താണ് ജപ്പാന്‍കാരെ കുറിച്ച് പറയുന്നത് എന്നാവും പലരും ചിന്തിക്കുക. അതിനൊരു കാരണമുണ്ട്....
ഫുട്‌ബോള്‍ ആരാധകരുടെ കാര്യത്തില്‍ ലോകത്തിലെ ഏത് രാജ്യത്തേയും വെല്ലും ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍. ആരാധന മൂത്ത് ചെയ്തുകൂട്ടുന്ന കാര്യങ്ങളില്‍ പലതും പുറത്ത് പറയാന്‍ പോലും കഴിയില്ല. അടിപിടിയും തെറിവിളിയും പോകട്ടെ, ആരാധകര്‍ ഉപേക്ഷിച്ചുപോകുന്ന മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. കേരളത്തിലെ ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍ ശരിക്കും ജപ്പാന്‍കാരെ കണ്ട് പഠിക്കണം. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
2022 ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടനം ആയിരുന്നു വേദി. കളികഴിഞ്ഞ് ആളുകളെല്ലാം പുറത്ത് പോകുമ്പോള്‍ ചിലര്‍ അവിടെ തന്നെ നിന്നു. വെറുതേ നില്‍ക്കുക മാത്രമായിരുന്നില്ല, ബാക്കിയുള്ളവര്‍ അവശേഷിപ്പിച്ചുപോയ മാലിന്യങ്ങള്‍ വലിയ കവറുകളിലേക്ക് പെറുക്കിയിടുകയായിരുന്നു അവര്‍. ലോകകപ്പുമായി ബന്ധപ്പെട്ട ശുചീകരണ തൊഴിലാളികളാണ് അവര്‍ എന്ന് കരുതരുത്. ജപ്പാനില്‍ നിന്ന് ഫുട്‌ബോള്‍ മാമാങ്കത്തിനെത്തിയ സാധാരണ മനുഷ്യരായിരുന്നു അവര്‍.
ബഹ്‌റൈനില്‍ നിന്നുള്ള കണ്ടന്‌റ് ക്രിയേറ്റര്‍ ആയ ഒമര്‍ അല്‍ ഫറൂഖ് ആണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സംഗതി വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആവുകയും ചെയ്തു. അതിന് ശേഷം ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഈ വീഡിയോ പങ്കുവച്ചു. അതും വൈറല്‍ ആണ്.
എന്തിനാണ് നിങ്ങള്‍ ഇത് ചെയ്യുന്നത് എന്ന് വീഡിയോയില്‍ അല്‍ ഫറൂഖി ചോദിക്കുന്നത് കേള്‍ക്കാം.'ഞങ്ങള്‍ ജപ്പാന്‍കാരാണ്. ഞങ്ങള്‍ ചപ്പുചവറുകള്‍ പിറകില്‍ ഉപേക്ഷിക്കാറില്ല. ഓരോ ഇടങ്ങളേയും ഞങ്ങള്‍ ബഹുമാനിക്കുന്നു' - ഇതായിരുന്നു അവര്‍ നല്‍കിയ മറുപടി. കളികാണാനെത്തിയ ആരാധകര്‍ പിറകിലുപേക്ഷിച്ച് പോയതില്‍ ഭക്ഷണ മാലിന്യങ്ങളും പേപ്പര്‍ മാലിന്യങ്ങളും മാത്രമല്ല ഉണ്ടായിരുന്നത്. അവരുടെ രാജ്യങ്ങളുടെ ദേശീയ പതാകകളും ഉണ്ടായിരുന്നു.
ജപ്പാന്‍ ആരാധകര്‍ ഇത്തരത്തില്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത് ആദ്യമായിട്ടല്ല. 2018 ഫുട്‌ബോള്‍ ലോകകപ്പിനിടയിലും ഇത്തരം ഒരു സംഭവം നടന്നിരുന്നു. ജപ്പാനും കൊളംബിയയും തമ്മിലുള്ള മത്സരത്തിന് ശേഷം സ്റ്റേഡിയം വൃത്തിയാക്കിയിട്ടാണ് ജപ്പാന്‍ ആരാധകര്‍ മടങ്ങിയത്. ആ കളിയില്‍ ജപ്പാന്‍ 2-1 ന് കൊളംബിയയെ തോല്‍പിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...