മലപ്പുറം : ലോകമെമ്പാടുമുള്ള മെസി-അർജന്റീന ആരാധകരെ ആകെ തളർത്തികൊണ്ടായിരുന്നു സൗദി അറേബ്യ തങ്ങളുടെ ഖത്തർ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. ലയണൽ മെസി നേടിയ പെനാൽറ്റിക്ക് രണ്ടാം പകുതിയിൽ മറുപടി നൽകിയാണ് സൗദി അർജന്റീനയെ അട്ടിമറിച്ചത്. അർജന്റീനയുടെ തോൽവി ആഘോഷമാക്കിയത് സൗദി ആരാധകർ മാത്രമല്ല, ബ്രസീൽ, സിആർ7ന്റെ പോർച്ചുഗൽ ഫാൻസും ഇത് ഒരു അവസരമാക്കി എടുത്തിരിക്കുകയാണ്. ബ്രസീൽ ആരാധകർ കളിയാക്കി കൂക്കി വിളിക്കുമ്പോൾ അർജന്റീനിയെ പിന്തുണയ്ക്കുന്നവർക്ക് തല കുനിച്ച് വീട്ടിലേക്ക് മടങ്ങാതെ വേറെ വഴിയില്ല.
എന്നാൽ കളിയാക്കല്ലിനെയും വെല്ലുവിളികളെയും ഒറ്റയ്ക്ക് നേരിടുകയാണ് മലപ്പുറം തിരൂരിൽ നിന്നുള്ള മെസിയുടെ കുട്ടി ആരാധിക. അർജന്റീന സൗദിക്ക് മുന്നിൽ മുട്ടുകുത്തിയപ്പോൾ നീലപ്പടയുടെ ആരാധകർ തല കുനിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ ലുബ്ന ഫാത്തിമയെന്ന മെസി ആരാധിക അങ്ങനെയല്ല ചെയ്തത്. ബ്രസീൽ ആരാധകർ കൂക്കി വിളിച്ചപ്പോൾ നെഞ്ചുവിരിച്ച് മെസിക്ക് ഇനിയും കളിയുണ്ടെല്ലോയെന്ന് ലുബ്ന ബ്രിസീൽ ഫാൻസിനോട് പറഞ്ഞു.
ബ്രസീൽ ആരാധകർ 'പാവാട മെസി', 'അയ്യേ' എന്നൊക്കെ പറഞ്ഞുകൊണ്ട് ലുബ്നയെ പ്രകോപിപ്പിക്കുകയായിരുന്നു. എന്നാൽ ബ്രസീൽ ഫാൻസിന്റെ കളയാക്കലുകളിൽ തല കുനിക്കാതെ ലുബ്ന മറുപടി നൽകുന്നുണ്ട്. അവസാനം മെസിക്ക് ഇനിയും കളയുണ്ടെല്ലോ കാണിച്ച് തരാമെന്ന് വെല്ലുവിളിച്ചിട്ടാണ് ലുബ്ന കൂട്ടുകാരിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നത്. വീഡിയോ കാണാം
ഇന്നലെ നടന്ന അർജന്റീന സൗദി അറേബ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെസി സംഘം തോൽവി ഏറ്റു വാങ്ങിയത്. പത്താം മിനിറ്റിൽ മെസി പെനാൽറ്റിയിലൂടെ നേടി ഗോളിന് രണ്ടാം പകുതിയിൽ സലേഹ് അൽഷെഹ്റിയും സലീം അൽഡോവ്സാരിയും ചേർന്നാണ് മറുപടി നൽകിയത്. സൗദിയുടെ പ്രതിരോധത്തെ ഭേദിക്കാനാകാതെ ലാറ്റിൻ അമേരിക്കൻ ശക്തികൾ വലയുകയായിരുന്നു. അർജന്റീനയ്ക്കെതിരെ ജയം നേടിയതിന് സൗദി ഭരണകൂടം രാജ്യത്തെ ഇന്ന് പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...