ധരംശാല: ഏകദിന ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഒരിക്കല്‍ക്കൂടി റണ്‍ ചേസിംഗില്‍ അർധ സെഞ്ച്വറിയുമായി വിരാട് കോഹ്ലി ഇന്ത്യയുടെ രക്ഷകനായി.
മികച്ച തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്വതസിദ്ധമായ ആക്രമണശൈലിയില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മ്മ 40 പന്തില്‍ 4 വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 46 റണ്‍സ് നേടി. രോഹിത്തിന് പിന്നാലെ ഗില്ലും (26) മടങ്ങിയത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരത്തിയെങ്കിലും വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയി. ശ്രേയസ് 29 പന്തില്‍ 33 റണ്‍സ് നേടി.
ALSO READ: ഹാർദിക് പാണ്ഡ്യ ന്യൂസിലൻഡിനെതിരായ മത്സരം കളിക്കില്ല, പകരം വൈസ് ക്യാപ്റ്റനാകുന്നത് ഈ താരം!
കെ.എല്‍ രാഹുലും വിരാട് കോഹ്ലിയും വിജയലക്ഷ്യത്തിലേയ്ക്ക് അടുക്കവെയാണ് അപ്രതീക്ഷിതമായി രാഹുലിന്റെയും (27) സൂര്യകുമാര്‍ യാദവിന്റെയും(2) വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്ലിയുമായുള്ള ആശയവിനിമയത്തിലെ അപാകത സ്‌കൈയുടെ റണ്ണൗട്ടില്‍ കലാശിക്കുകയായിരുന്നു. ഇതിന് ശേഷം രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കോഹ്ലി അര്‍ധ സെഞ്ച്വറിയും കടന്ന് സ്‌കോറിംഗ് തുടര്‍ന്നു. ഏകദിന കരിയറിലെ 49-ാം സെഞ്ച്വറിയ്ക്ക് 5 റൺസ് അകലെ കോഹ്ലി വീണെങ്കിലും ഇന്ത്യ വിജയത്തോട് അടുത്തിരുന്നു. 104 പന്തിൽ 8 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം കോഹ്ലി 95 റൺസ് നേടി. രവീന്ദ്ര ജഡേജ 39 റൺസുമായി പുറത്താകാതെ നിന്നു. 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലേറ്റ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായി ഈ വിജയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.