ലൈസന്‍സും ആര്‍സിയുമൊക്കെ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ആപ്പുകള്‍!

ലൈസന്‍സും ആര്‍സിയുമൊക്കെ ഡിജിറ്റലായി സൂക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ആപ്പ്. 

Last Updated : Aug 11, 2018, 12:33 PM IST
ലൈസന്‍സും ആര്‍സിയുമൊക്കെ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ആപ്പുകള്‍!

ലൈസന്‍സും ആര്‍സിയുമൊക്കെ ഡിജിറ്റലായി സൂക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ആപ്പ്. രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പിന് നിയമസാധുത നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു.

വളരെ മുമ്പ് തന്നെ നിലവിലുള്ള ഡിജി ലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്കാണ് നിയമ സാധുത നല്‍കുന്നത്. 

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയ ഈ അപ്പുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ ഇതുവരെ അധികൃതര്‍ സാധുവായി പരിഗണിച്ചിരുന്നില്ല. 

ഈ സാഹചര്യത്തില്‍ രേഖകള്‍ കയ്യില്‍ കൊണ്ടു നടക്കുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ജനം നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ ഔദ്യോഗിക ഉത്തരവ്. 

എംപരിവാഹന്‍ ആപ്പ്‍: 

ഗതാഗതവുമായി ബന്ധപ്പെട്ട് ഒന്നിലധികം സേവനങ്ങള്‍ നല്‍കുന്ന എംപരിവാഹന്‍ ആപ്ലിക്കേഷന്‍ അടിയന്തിര ഘട്ടങ്ങളില്‍ പരിസരത്തുള്ള ആര്‍ടി ഓഫീസുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നു. 

നേരില്‍ കാണുന്ന വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും അധികൃതരെ അറിയിക്കാനും ഈ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. വാഹനാപകടങ്ങള്‍ക്കും ഗതാഗത നിയമ ലംഘനങ്ങള്‍ക്കും സാക്ഷിയായാല്‍ അതിന്‍റെ ഒരു ചിത്രമെടുത്ത് അപ്ലോഡ് ചെയുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. 

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും  ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. 

ഡിജി ലോക്കര്‍ ആപ്പ്: 

രാജ്യത്തെ പൗരന്മാര്‍ക്ക് ഔദ്യോഗിക രേഖകളുടെയെല്ലാം പകര്‍പ്പ് സൂക്ഷിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് ഡിജി ലോക്കര്‍.

സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന ഔദ്യോഗിക രേഖകള്‍ സൂക്ഷിക്കാന്‍ ഒരു ജിബി സ്‌റ്റോറേജ് ആണ് ഈ ആപ്ലിക്കേഷന്‍ വാഗ്ദാനം നല്‍കുന്നത്. വിദ്യാഭ്യാസ രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍, പാന്‍കാര്‍ഡ്, പോലുള്ളവ ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന രേഖകളില്‍ ചിലതാണ്. 

ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കേ ഡിജി ലോക്കര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം ഈ ആപ്പില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കണം. അതിന് ശേഷം ഉപയോക്താക്കള്‍ക്ക് സ്വന്തം യുസര്‍നെയിമും പാസ് വേഡും നല്‍കാം. 2015 ല്‍ പ്രധാനമന്ത്രിയാണ് ഈ സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കിയത്. 

Trending News