ഒരൊറ്റ പ്രസംഗം; സോഷ്യല്‍ മീഡിയയില്‍ താരമായി ലഡാക് എംപി!!

പുതിയ തീരുമാനം നടപ്പിലാവുന്നതോടെ നഷ്ടമാവുന്നത് രണ്ട് കുടുംബങ്ങൾക്കുള്ള ജോലി മാത്രമാണെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

Last Updated : Aug 8, 2019, 06:43 PM IST
 ഒരൊറ്റ പ്രസംഗം; സോഷ്യല്‍ മീഡിയയില്‍ താരമായി ലഡാക് എംപി!!

മ്മു കശ്മീര്‍ പ്രശ്നത്തില്‍ പ്രത്യേക പദവി എടുത്തുകളയുന്ന ബില്ലിനെ പിന്തുണച്ച് പ്രസംഗിച്ച ലഡാക് എംപിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. 

ലഡാക്കിൽ നിന്നുള്ള ജമിയാ൦ഗ് സെറിംഗ് നംഗ്യാലാണ് ലോക്സഭയില്‍ ബില്ലിനെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണച്ച് ഗംഭീര പ്രസംഗം നടത്തിയത്.  

ബിൽ കാശ്മിരിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള നംഗ്യാലിന്‍റെ പ്രസംഗം പ്രധാനമന്ത്രി നരേന്ദമോദിയുൾപ്പെടെയുള്ള പ്രമുഖര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 

തീർച്ചയായും കണ്ടിരിക്കേണ്ട പ്രസംഗം എന്ന കുറിപ്പോടെയായിരുന്നു മോദി ഈ പ്രസംഗം ട്വീറ്റ് ചെയ്തത്. നവ മാധ്യങ്ങളിൽ പ്രസംഗം വൈറലായതോടെയാണ് എംപി സമൂഹ മാധ്യമങ്ങളിലെ താരമായത്. 

ട്വിറ്ററിലും ഫേസ്ബുക്കിലുമായി നിരവധി പേരാണ് നംഗ്യാലിന് റിക്വസ്റ്റ് നല്‍കിയത്. കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി പിന്തുണച്ചയായിരുന്നു നംഗ്യാലിന്‍റെ 17 മിനിറ്റ് പ്രസംഗം. 

സംസ്ഥാനം ഭരിച്ച പ്രാദേശക കക്ഷികളെ രൂക്ഷമായി വിമർശിക്കാനും നംഗ്യാല്‍ തയ്യാറായി. ലഡാക്ക് ഇന്നും വികസനം എത്താത്ത അവസ്ഥയാണെന്നും അതിന് കാരണം കോൺഗ്രസും ആർട്ടിക്കിൽ 370ഉം ആണെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ലഡാക്ക് കേന്ദ്ര ഭരണ പ്രദേശം എന്ന പദവിക്കായി കാത്തിരിക്കുകയാരുന്നുവെന്നും അതാണിപ്പോൾ നടപ്പായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീർ ഭരിച്ച ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസും, മെഹബൂബ മുഫ്തിയുടെ പിഡിപിയും കുടുംബ സ്വത്ത് പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. 

കാശ്മീരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താൻ അവർ തയ്യാറായിരുന്നില്ല, എന്നാൽ അവർക്ക് വേണ്ട തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുമായിരുന്നു. 

കശ്മീർ തങ്ങളുടെ പൂർവ്വിക സ്വത്താണെന്ന് അവർ കരുതുന്നു, പുതിയ തീരുമാനം നടപ്പിലാവുന്നതോടെ നഷ്ടമാവുന്നത് രണ്ട് കുടുംബങ്ങൾക്കുള്ള ജോലി മാത്രമാണെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

പരമ്പരാഗത കാശ്മീരി വസ്ത്രം ധരിച്ചു കൊണ്ടായരുന്നു ജമിയാ൦ഗ് സെറിംഗ് നംഗ്യാൽ ചർച്ചയിൽ പങ്കെടുത്തതെന്നതും ശ്രദ്ധേയമായി.

Trending News