കാത്തിരിപ്പിന് വിരാമം: ഇന്ത്യൻ നിർമ്മിത അതിവേ​ഗ തീവണ്ടി പാളത്തിലേക്ക്

ലോകത്ത് വേറെയെവിടെയെങ്കിലുമായിരുന്നെങ്കിൽ ഇത്തരമൊരു ട്രെയിൻ നിർമ്മിച്ചു പുറത്തിറക്കാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ വേണ്ടി വരുമായിരുന്നു.  

Last Updated : Jul 8, 2018, 02:53 PM IST
കാത്തിരിപ്പിന് വിരാമം: ഇന്ത്യൻ നിർമ്മിത അതിവേ​ഗ തീവണ്ടി പാളത്തിലേക്ക്

ചെന്നൈ: കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ നിർമ്മിത അതിവേ​ഗ തീവണ്ടി പാളത്തിലേക്ക്. ട്രെയിൻ 18 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ സെമി ഹൈസ്പീഡ് ട്രെയിൻ വരുന്ന സെപ്തംബറിൽ ഓട്ടം ആരംഭിക്കും എന്നാണ് റെയിൽവേ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 

ചെന്നൈയിലെ ഇൻ​ഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം പൂർത്തിയായി വരുന്നഈ ട്രെയിനിന് മണിക്കൂറിൽ 160 കി.മീ വേ​ഗതയിൽ വരെ സഞ്ചരിക്കാൻ സാധിക്കും. ഓടുന്നതിന്  പ്രത്യേക എഞ്ചിന്‍റെ ആവശ്യമില്ല എന്നാതണ് ട്രെയിൻ 18 ന്‍റെ പ്രധാന സവിശേഷത. മെട്രോ ട്രെയിനുകളിലെന്ന പോലെ എഞ്ചിനോട് കൂടിയാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ഇന്റർസിറ്റി, ശതാബ്ദി ട്രെയിനുകൾക്ക് പകരമായിട്ടായിരിക്കും ട്രെയിൻ 18 എത്തുക. 

പ്രധാനമന്ത്രിയുടെ മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഈ ആഡംബര ട്രെയിൻ ജൂലൈ മാസത്തിൽ ഓടി തുടങ്ങും എന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ട്രെയിന്‍റെ നിർമ്മാണത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും പുറത്തിറക്കുന്ന സമയത്തിലാണ് മാറ്റം വന്നതെന്നും ചെന്നൈ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ സുധാൻഷു മണി വിശദീകരിക്കുന്നു.  

ലോകത്ത് വേറെയെവിടെയെങ്കിലുമായിരുന്നെങ്കിൽ ഇത്തരമൊരു ട്രെയിൻ നിർമ്മിച്ചു പുറത്തിറക്കാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ വേണ്ടി വരുമായിരുന്നു. എന്നാൽ വെറും 16 മാസം കൊണ്ട് തീവണ്ടിയുടെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് സുധാൻഷുമണി പറയുന്നു. മൊത്തം ആറ് സെറ്റ് ട്രെയിനുകളുടെ നിർമ്മാണമാണ് ഇപ്പോൾ ചെന്നൈ കോച്ച് ഫാക്ടറിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇതിൽ രണ്ട് സെറ്റുകളിൽ സ്ലീപ്പർ കോച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഓട്ടോമാറ്റിക് ഡോറുകൾ, വിനോദത്തിനും അറിയിപ്പുകൾക്കുമായി എൽഇഡി ടിവികൾ, സുരക്ഷ ഉറപ്പാക്കാൻ സിസിടിവികൾ, ആധുനിക ബയോടോയ്ലറ്റുകൾ, ഇലക്ട്രോ ന്യുമാറ്റിക്ബ്രേക്ക്സിസ്റ്റം (ഇതുവഴി ഓടുന്ന വണ്ടി വളരെ പെട്ടെന്ന് നിർത്താം), എല്ലാ കോച്ചുകളും എസി ചെയർ കാർ (സെക്കൻഡ് ക്ലാസും/എക്സിക്യൂട്ടീവ് ക്ലാസ്സുമായി തരംതിരിക്കും), എക്സിക്യൂട്ടീവ് ക്ലാസ്സിൽ റൊട്ടേറ്റിം​ഗ് ചെയറുകൾ, ആകർഷകമായ ഇന്റരീയറും എൽഇഡി ലൈറ്റിം​ഗും, വീൽചെയറുകൾക്ക് പ്രത്യേകം സ്ഥലം, വികലാം​ഗസൗഹൃദ ടോയ്ലറ്റുകൾ എന്നിവയാണ് ട്രെയിൻ 18 ന്‍റെ സവിശേഷതകൾ.

Trending News