ടെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ചെയ്തത് തെറ്റാണെന്നും ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ രീതിയിൽ ഇസ്രയേൽ മറുപടി കൊടുക്കും. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവർ അനന്തരഫലം നേരിടേണ്ടി വരിക തന്നെ ചെയ്യും. ഞങ്ങളെ ആര് ആക്രമിച്ചാലും അവരെ ഞങ്ങൾ തിരിച്ച് ആക്രമിച്ചിരിക്കും എന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
എന്നാൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. ഇസ്രയേലിന് എതിരെയുള്ള ശക്തമായ പ്രതികരണമാണിതെന്നും തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാൻ്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിതെന്നും ഇറാൻ കൂട്ടിച്ചേർത്തു.
ഇസ്രായേല്‍ - ഹിസ്ബുള്ള സംഘര്‍ഷം നിലനില്‍ക്കവേ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ടായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രായേലിലേക്ക് ഡസണ്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഹിസ്ബുള്ള മേധാവി നസ്രള്ളയേയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയും വധിച്ചതിന് പ്രതികാരമായിട്ടാണ് മിസൈല്‍ ആക്രമണമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം തുടങ്ങിയത്.
ഇസ്രായേലില്‍ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ സുരക്ഷിത സ്ഥാനം വിട്ട് പുറത്തിറങ്ങരുത് എന്നാണ് മുന്നറിയിപ്പ്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം പൂര്‍ണസജ്ജമാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy