ഐഎംഎഫില്‍ മലയാളി സാന്നിധ്യമായി ഗീതാ ഗോപിനാഥ്‌

വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീതയ്ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്.

Last Updated : Oct 3, 2018, 09:56 AM IST
ഐഎംഎഫില്‍ മലയാളി സാന്നിധ്യമായി ഗീതാ ഗോപിനാഥ്‌

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീതാ ഗോപിനാഥിനെ  നിയമിച്ചു. 

നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറീസ് ഒബ്ഫീൽഡ് ഈ വർഷം സ്ഥാനമൊഴിയുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ആർബിഐ മുൻ ഗവർണർ രഘുറാം രാജന് ശേഷം ഇന്ത്യയിൽ നിന്ന് ഈസ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗീത.

2001ല്‍ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ വ്യക്തിയാണ് ഗീത. തുടര്‍ന്ന്, ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി. 

വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീതയ്ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്.  ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീതയെ ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ അഭിനന്ദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത. കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീതയെ യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു. 

മുൻ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പോവർട്ടി ആക്‌ഷൻ ലാബ് ഡയറക്ടറുമായ ഇക്ബാൽ ധലിവാൾ ആണു ഭർത്താവ്. ഒൻപതാം ക്ലാസ് വിദ്യാർഥി രോഹിലാണ് മകന്‍.
 

Trending News