അവല്‍ നല്‍കും ആരോഗ്യം

വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ മിക്കപ്പോഴും കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുന്ന ഒന്നാണ് അവലും പഴവും. 

Updated: Jul 8, 2018, 05:49 PM IST
അവല്‍ നല്‍കും ആരോഗ്യം

വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ മിക്കപ്പോഴും കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുന്ന ഒന്നാണ് അവലും പഴവും. 

എന്നാല്‍, നെല്ലില്‍ നിന്നുണ്ടാക്കുന്ന അവല്‍ വെറുമൊരു മധുര പലഹാരം മാത്രമല്ലെന്ന് പലര്‍ക്കും അറിയില്ല. അവല്‍ ഉപയോഗിച്ച് സ്വാദിഷ്ഠമായ വിഭവങ്ങള്‍ മാറ്റി മാറ്റി ഉണ്ടാക്കുന്നവര്‍ക്ക് ഇപ്പോഴും അറിയില്ല അവലിന്‍റെ ഗുണങ്ങള്‍. 

അരിയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് അവല്‍. 

എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമായവരും കുട്ടികളും ഇത് കഴിക്കുന്നത് നല്ലതാണ്. വളരെയധികം ഫൈബര്‍ സാന്നിധ്യമുള്ളതിനാല്‍ അവല്‍ കഴിക്കുന്നത് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. 

ഡയറ്റിലിരിക്കുന്നവര്‍ രാവിലെ പ്രാതലിന് അവല്‍ കഴിക്കുന്നത് സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. 

പ്രമേഹരോഗികള്‍ അവല്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. 

വൈറ്റമിന്‍ എ, ബി1, ബി2, ബി3, ബി6, ഡി, ഇ എന്നീ വൈറ്റമിന്‍സും, അയേണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്‍, മെഗ്‌നീഷ്യം, മാഗനീസ് എന്നിവയും അവലില്‍ അടങ്ങിയിട്ടുണ്ട്.

സ്ത്രീകള്‍ ഇത് കഴിക്കുന്നതിലൂടെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത തടയാം. ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ ഗോതമ്പ് അവല്‍ സഹായിക്കും. ഇതുമൂലം ഹൃദയത്തെ സംരക്ഷിക്കാം. 

ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. കൂടാതെ, മറ്റ് ധാന്യങ്ങളെക്കാള്‍ കലോറി കുറവായതിനാല്‍ ഇത് തടി കുറയാനും സഹായകമാകും. 

ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും സ്വാദിഷ്ടവുമായ അവല്‍ വിഭവമാണ് അവല്‍ വിളയിച്ചത്. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം: 
 
ആവശ്യമായവ :
അവല്‍ – 250 ഗ്രാം
ശര്‍ക്കര – 250 ഗ്രാം
തേങ്ങ ചുരണ്ടിയത് – ഏകദേശം 2 കപ്പ്
തേങ്ങക്കൊത്ത് – കാല്‍ കപ്പ്
കറുത്ത എള്ള് – രണ്ട് ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി – 1 ടീസ്പൂണ്‍
പൊട്ടു കടല – അര കപ്പ്‌
വെള്ളം- ആവശ്യത്തിന്
നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം :
ഒരു ചീനചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാക്കൊത്ത് അരിഞ്ഞത്‌ ചേര്‍ത്ത് വറക്കുക. ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊട്ടു കടലയും ചേര്‍ത്ത് ചെറുതായി വറത്ത് മാറ്റി വെക്കുക. ശര്‍ക്കര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് ഉരുക്കി അരിച്ച് കട്ടിയുള്ള ഒരു പാത്രത്തിലേയ്ക്ക് ഒഴിക്കുക.. ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്ത്ത് പാനി പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക .ചൂടാറിയശേഷം, ചെറുചൂടില്‍ അവല്‍ ചേര്‍ത്തു ഇളക്കുക ഇതിലേയ്ക്ക് ഏലക്ക പൊടിയും ചേര്ത്ത് നല്ലതുപോലെ ഇളക്കുക. വറത്ത് മാറ്റിവെച്ചിരിക്കുന്ന എള്ളും പൊട്ടു കടലയും തേങ്ങാക്കൊത്തും ചൂടോടെ അവല്‍ വിളയിച്ചതില്‍ ചേര്‍ത്തു ഇളക്കുക.

അവല്‍ വിളയിച്ചത് തയ്യാര്‍ 

ടിപ്സ് :
എല്ലാ ചേരുവകളും ചേര്‍ത്തതിന് ശേഷം അവല്‍ തീയില്‍ വെക്കരുത്. അവല്‍ കട്ടിയായിപ്പോകും.

തേങ്ങാ ചുരണ്ടിയത് ശര്‍ക്കരയില്‍ ചേര്‍ത്തിളക്കുമ്പോള്‍ വേണമെങ്കില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ചേര്‍ക്കാവുന്നതാണ്.