ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ചുട്ട മറുപടി നല്‍കി ഇന്ത്യ.
ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്‍റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.
ഭീകരവാദത്തെ ന്യായീകരിക്കുന്ന പാക്കിസ്ഥാന് യുഎന്‍ പട്ടികയിലുള്ള തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ ഇല്ലെന്ന്‍ ഉറപ്പുതരാന്‍ പറ്റുമോയെന്നും വിധിഷ ചോദിച്ചു.
മാത്രമല്ല തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാക്കിസ്ഥാന് എന്ത് അര്‍ഹതയുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി ചോദിച്ചു.
യുഎന്നിന്‍റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയം നല്‍കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും ഒസാമയെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ ഖാനെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി.
മാത്രമല്ല തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാക്കിസ്ഥാനാണെന്നും അത് ഏറ്റുപറയാന്‍ അവര്‍ തയ്യാറാകുമോയെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ചോദിച്ചു.
വിദ്വേഷ പ്രസംഗമാണ് ഇമ്രാന്‍ ഖാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുടേയും ആവശ്യമില്ലയെന്ന്‍ വ്യക്തമാക്കിയ ഇന്ത്യ പ്രത്യേകിച്ചും ഭീകരവാദം വ്യവസായമാക്കിയ രാജ്യം എന്തിന് അതിന് മുതിരുന്നുവെന്നും ചോദിച്ചു.
ജമ്മു കശ്മീരില്‍ ഇന്ത്യ എടുത്ത തീരുമാനം അവിടത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അതില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇമ്രാന്‍ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞിരുന്നു മാത്രമല്ല ഇത് പരിശോധിക്കാന്‍ ഐക്യരാഷ്ട്രസഭയിലെ നിരീക്ഷകരെ അനുവദിക്കാമെന്നും പറഞ്ഞിരുന്നു, ഈ വാക്കുകള്‍ പാക്കിസ്ഥാന് പാലിക്കാനാവുമോയെന്ന്‍ ലോകം ഉറ്റുനോക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.