ഇസ്രായേൽ-പലസ്തീൻ യുദ്ധം രണ്ടാം ദിനത്തിലെത്തുമ്പോൾ ശക്തമായ പോരാട്ടമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്നത്. ഹമാസ് തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ മരണസംഖ്യ 600 കടന്നു, 2,048 പേർക്ക് പരിക്കേറ്റു. സന്നദ്ധ സംഘടനയായ സാക്ക നടത്തിയ തിരച്ചിലിലാണ് ഭീകരാക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തിയത്.
ആക്രമണം നടന്ന പ്രദേശത്ത് ഇപ്പോവും തിരച്ചിൽ തുടരുകയാണ്. കൂടാതെ ഈജിപ്തിൽ 2 ഇസ്രായേലി വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട്. അതേസമയം, ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ 350 ലധികം പേർ കൊല്ലപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടത്തിൽ ആകെ 950-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
ALSO READ:
ഇസ്രായേൽ-പലസ്തീൻ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ 14 വരെ ഇസ്രായേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു.
എയർ ഇന്ത്യയുടെ പ്രസ്താവന ഇങ്ങനെ
" ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ഇസ്രയേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഒക്ടോബർ 14 വരെ നിർത്തിവച്ചിരിക്കുകയാണ്. ഈ കാലയളവിൽ ഏതെങ്കിലും വിമാനത്തിൽ ബുക്കിംഗ് സ്ഥിരീകരിച്ച യാത്രക്കാർക്ക് സാധ്യമായ എല്ലാ പിന്തുണയും എയർ ഇന്ത്യ നൽകും."