ലോസ്ആഞ്ചല്‍സ്: ഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബെര്‍ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി. ആംബെർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ജൂറി എനിക്ക് എന്റെ ജീവിതം തിരികെ തന്നുവെന്നാണ് വിധിയോട് ജോണി ഡെപ്പ് പ്രതികരിച്ചത്. ലോകത്തിന് മുന്നിൽ സത്യം വെളിപ്പെടുത്തുകയെന്നതാണ് ഈ കേസ് കോടതിയിൽ കൊണ്ടുവന്നതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി ഹൃദയം തകർത്തുവെന്നായിരുന്നു ആംബെർ ഹേർഡിന്റെ പ്രതികരണം.
യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതിയാണ് വിധി പറഞ്ഞത്. ഏഴ് പേരടങ്ങുന്ന വിർജീനിയ ജൂറിയാണ് വിധി പറഞ്ഞത്. ആറാഴ്‌ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്ക് ശേഷമാണ് കോടതിയുടെ വിധി പ്രസ്താവം നടത്തിയത്. മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേഡ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.
ALSO READ: 'അക്വാമാനിൽ നിന്ന് ഒഴിവാക്കണം'; ആംബർ ഹേഡിനെതിരെ ഭീമഹർജി, ഒപ്പുവച്ചത് രണ്ട് മില്യൺ പേർ
2015 ല്‍ വിവാഹിതരായ ഇവര്‍ 2017 ൽ വേർപിരിഞ്ഞു. താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് ആംബെർ ഹേർഡ് 2018 ൽ തുറന്ന് പറഞ്ഞതിനെ തുടർന്ന് തന്റെ സിനിമാ ജീവിതം പ്രതിസന്ധി നേരിട്ടുവെന്ന് ഡെപ്പ് വ്യക്തമാക്കിയിരുന്നു. ഹേർഡ് പേരെടുത്ത് പറഞ്ഞ് പരാമർശിച്ചില്ലെങ്കിലും അത് ഡെപ്പിനെ ഉദ്ദേശിച്ചാണെന്ന് എല്ലാവർക്കും മനസ്സിലാകും. ഇത് ഡെപ്പിന്റെ സിനിമാ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുവെന്ന് ഡെപ്പിന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു. ഹേർഡിന്റെ ഗാർഹിക പീഡനം നേരിട്ടുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള നിര്‍മാണ കമ്പനികള്‍ സിനിമകളില്‍നിന്ന് ഒഴിവാക്കി. പിന്നീടാണ് ആംബെർ ഹേർഡിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ആംബെർ ഹേർഡ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ജോണി ഡെപ്പ് കോടതിയിൽ വാദിച്ചത്. ഹേർഡ് തനിക്ക് നേരെ കുപ്പി വലിച്ചെറിഞ്ഞതിനെ തുടർന്ന് കയ്യിലെ എല്ലിന് പൊട്ടലുണ്ടായെന്നും ഡെപ്പ് കോടതിയിൽ പറഞ്ഞിരുന്നു. ഹേർഡിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ഡോ. ഷാനർ കെറി കോടതിയെ അറിയിച്ചിരുന്നു. 'ഹിസ്ട്രിയോണിക് ആന്റ് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറുകള്‍' ഉണ്ടെന്നാണ് ഡോ. ഷാനർ കെറി കോടതിയെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...