മൊഗാദിഷു: മൊഗാദിഷുവിലെ ഹയാത്ത് ഹോട്ടൽ അജ്ഞാത സായുധ അക്രമികൾ നിയന്ത്രണത്തിലാക്കിയതായി റിപ്പോർട്ടുകൾ. സൊമാലിയൻ പോലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രണ്ട് കാർ ബോംബ് സ്‌ഫോടനങ്ങളും വെടിവെപ്പും നടത്തിയതിന് ശേഷമാണ് ഭീകരർ ഹോട്ടൽ പിടിച്ചെടുത്തത്. "രണ്ട് കാർ ബോംബുകൾ ഹോട്ടൽ ഹയാത്ത് ലക്ഷ്യമാക്കി വന്നതായും ഒന്ന് ഹോട്ടലിന് സമീപമുള്ള ബാരിയറിൽ ഇടിച്ച് സ്ഫോടനം ഉണ്ടായി. മറ്റൊന്ന് ഹോട്ടലിന്റെ ഗേറ്റിൽ ഇടിച്ചു. തീവ്രവാദികൾ ഹോട്ടലിനുള്ളിൽ ഉണ്ടെന്നാണ് കരുതുന്നതെന്നും" അഹമ്മദ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംഭവം സ്ഥിരീകരിച്ചു. പരിക്കേറ്റ ഒമ്പത് പേരെ ഇതുവരെ ഹോട്ടലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയതായി മൊഗാദിഷുവിന്റെ ആമീൻ ആംബുലൻസ് സർവീസിന്റെ ഡയറക്ടറും സ്ഥാപകനുമായ അബ്ദികാദിർ അബ്ദുറഹ്മാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ഹോട്ടലിന്റെ ദിശയിൽ നിന്ന് ഇടയ്ക്കിടെ വെടിയൊച്ചകൾ കേൾക്കുന്നുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അൽ ഖ്വയ്ദയുമായി ബന്ധമുള്ള അൽ ഷബാബ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എസ്ഐടിഇ ഇന്റലിജൻസ് ഗ്രൂപ്പ് അറിയിച്ചു. സോമാലിയൻ സർക്കാരിനെ അട്ടിമറിക്കുന്നതിനായി 10 വർഷത്തിലേറെയായി അൽ ഷബാബ് പോരാടുകയാണ്. തീവ്രവാദ ഗ്രൂപ്പിന്റെ ഭരണം സ്ഥാപിക്കാനാണ് അൽ ഷബാബിന്റെ ശ്രമം. നിയമനിർമ്മാതാക്കളും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും ഹയാത്ത് ഹോട്ടൽ സന്ദർശിക്കാറുണ്ട്.
ALSO READ: ISIS: ഇന്ത്യയിൽ നിന്നുള്ള ആദ്യ ഐഎസ്ഐഎസ് ചാവേർ മലയാളി; വെളിപ്പെടുത്തൽ ഐഎസിന്റെ മാസികയിൽ
ആക്രമണം തടയാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വക്താവിനെ ഉദ്ധരിച്ച് സോമാലിയ നാഷണൽ ന്യൂസ് ഏജൻസി ട്വിറ്ററിലൂടെ അറിയിച്ചു. സുരക്ഷാ സേന ഹയാത്ത് ഹോട്ടലിൽ നിന്ന് നിരവധി പേരെ രക്ഷിച്ചതായും വാർത്താ ഏജൻസി വ്യക്തമാക്കി. മെയ് മാസത്തിൽ ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമാണ് വെള്ളിയാഴ്ച ഉണ്ടായത്. നേരത്തെയും സമാനമായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം അൽ ഷബാബ് ഏറ്റെടുത്തിരുന്നു. 2020 ഓഗസ്റ്റിൽ, മൊഗാദിഷുവിലെ മറ്റൊരു ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...