കൊളംബോ: ഒരു രാജ്യം നേരിടാവുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ ശ്രീലങ്ക കടന്നുപോകുന്നത്. ഭരണത്തിലെ പിടിപ്പുകേടുകളും ആഭ്യന്തര യുദ്ധത്തിന്റെ ബാക്കിപത്രവും എല്ലാം ആ രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മഹീന്ദ രജപക്‌സെ മാറി റെനില്‍ വിക്രമസിംഗെ അധികാരമേറ്റിട്ടും രാജ്യത്തിന്റെ പ്രതിസന്ധിയ്ക്ക് ഒരു വ്യത്യാസവും ഇല്ല.
രാജ്യത്ത് ഒറ്റ ദിവസത്തേക്കുള്ള പെട്രോള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ തന്നെ പെട്രോള് പമ്പുകളില് വാഹനങ്ങളുടെ വലിയ നിരയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പെട്രോള്‍ തീരുന്നതോടെ രാജ്യത്തെ ഗതാഗത സംവിധാനങ്ങളും ആകെ അവതാളത്തിലാകും. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്യും.
രാജ്യത്ത് അടിയന്തരമായി 75 ദശലക്ഷം ഡോളര്‍ വിദേശനാണ്യം വേണം എന്നാണ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുപറഞ്ഞത്. ഈ പണം ലഭിച്ചില്ലെങ്കില്‍ അവശ്യവസ്തുക്കളുടെ ഇറക്കുമതി തടസ്സപ്പെടുമെന്ന ആശങ്കയും വിക്രമസിംഗെ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഇതിനായി കേന്ദ്ര ബാങ്കിന് പുതിയ നോട്ടുകള്‍ അച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധി മറികടക്കുന്നതിനായി മറ്റ് മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ തേടുന്നുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ സ്വകാര്യവത്കരണം ആണ് അതില്‍ ഒന്ന്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 45 ബില്യണ്‍ ശ്രീലങ്കന്‍ രൂപയായിരുന്നു (129.5 ദശലക്ഷം ഡോളര്‍) എയര്‍ലൈന്‍സിന്റെ നഷ്ടം. രണ്ട് മാസം കൂടി പ്രതിസന്ധി തുടരുമെന്നാണ് പുതിയ സര്‍ക്കാര്‍ പറയുന്നത്. 'നമ്മുടെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞതായിരിക്കും വരാനിരിക്കുന്ന രണ്ട് മാസങ്ങള്‍' എന്നായിരുന്നു വിക്രമസിംഗെ ടെലിവിഷനിലൂടെ ജനങ്ങളോട് പറഞ്ഞത്.
ഇന്ത്യയില്‍ നിന്ന് ക്രെഡിറ്റ് ലൈന്‍ വഴി പെട്രോളും ഡീസലും എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇതും കുറച്ചുനാളത്തേക്ക് മാത്രമേ സാധ്യമാവുകയുള്ളു. കേന്ദ്ര ബാങ്കിനോട് കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കാന്‍ ആവശ്യപ്പെടുന്നത് തന്റെ തന്നെ താത്പര്യത്തിന് വിരുദ്ധമാണെന്ന് കൂടി പറയുന്നുണ്ട് വിക്രമസിംഗെ. കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചുപുറത്ത് വിടുന്നത് രൂപയുടെ മൂല്യം കുറയ്ക്കുമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
ഒറ്റ ദിവസം കൊണ്ട് തുടങ്ങിയതല്ല ശ്രീലങ്കയിലെ ഈ പ്രതിസന്ധി. 2019 മുതല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. ഈസ്റ്റര്‍ ബോംബിങ്ങും അതിന് ശേഷം കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ കൂടുതല്‍ പരുങ്ങലില്‍ ആക്കി. നികുതി ഇളവുകളും പണപ്പെരുപ്പവും അതിനോടൊപ്പം ദേശീയ തലത്തില്‍ ജൈവകൃഷിയിലേക്ക് മാറാനുള്ള തീരുമാനവും ഈ പ്രതിസന്ധിയ്ക്ക് വഴിവച്ചവയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.