Russia Ukraine War: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നിലെ യഥാർഥ കാരണം?; പുടിന്റെ ലക്ഷ്യം 'ഒരൊറ്റ റഷ്യ'?

2021 ജനുവരിയിൽ യുക്രൈനെ നാറ്റോ സഖ്യത്തിൽ ചേർക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. റഷ്യ ഇതിനെ എതിർക്കുകയും നാറ്റോ യുക്രൈനിൽ ഒരു തരത്തിലുമുള്ള സൈനിക പ്രവർത്തനവും നടത്തില്ലെന്ന് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 11:56 AM IST
  • ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സോവിയറ്റ് റിപ്പബ്ലിക്കായിരുന്നു യുക്രൈൻ
  • യുക്രൈനുമായി ആഴത്തിലുള്ള സാംസ്കാരിക ബന്ധങ്ങളും റഷ്യക്കുണ്ട്
  • വിസ്തൃതിയുടെ കാര്യത്തിൽ യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യം കൂടിയാണ് യുക്രൈൻ
  • പാശ്ചാത്യ രാജ്യങ്ങളുമായുള്ള യുക്രൈന്റെ പുതിയ ബന്ധം, യുക്രൈൻ റഷ്യയുടേതാണെന്ന് കരുതുന്ന പുടിന് ഒരിക്കലും അം​ഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല
Russia Ukraine War: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നിലെ യഥാർഥ കാരണം?; പുടിന്റെ ലക്ഷ്യം 'ഒരൊറ്റ റഷ്യ'?

നാറ്റോ സഖ്യത്തിൽ ചേരാനുള്ള യുക്രൈന്റെ ആ​ഗ്രഹമാണ് യുക്രൈൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നൽകുന്ന ന്യായീകരണം. 2021 ജനുവരിയിൽ യുക്രൈനെ നാറ്റോ സഖ്യത്തിൽ ചേർക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. എന്നാൽ റഷ്യ ഇതിനെ എതിർക്കുകയും നാറ്റോ യുക്രൈനിൽ ഒരു തരത്തിലുമുള്ള സൈനിക പ്രവർത്തനവും നടത്തില്ലെന്ന് പാശ്ചാത്യരാജ്യങ്ങൾ ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റഷ്യ അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ അഞ്ചെണ്ണം നാറ്റോ അംഗങ്ങളാണ്. നോർവേ, പോളണ്ട്, ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളാണ് നാറ്റോ സഖ്യത്തിലുള്ള, റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ ബാൾട്ടിക് രാജ്യങ്ങളിലും യുക്രൈനിലും നാറ്റോ സൈന്യത്തെ വിന്യസിക്കുന്നത് റഷ്യക്ക് ഭീഷണിയാകുമെന്ന് പുടിൻ കണക്കുകൂട്ടി. ഇതും യുക്രൈന്റെ തീരുമാനത്തെ പുടിൻ എതിർക്കാൻ കാരണമായി.

റഷ്യയുടെ 'ഏകീകരണം'

റഷ്യൻ അനുകൂലിയായ യുക്രൈൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ റഷ്യയും യുക്രൈനും തമ്മിൽ സംഘർഷ സാഹചര്യം നിലനിന്നിരുന്നു. കഴിഞ്ഞ എട്ട് വർഷമായി ചെറുതും വലുതുമായ സംഘർഷങ്ങളിലൂടെയാണ് റഷ്യയും യുക്രൈനും കടന്നുപോയത്. റഷ്യയുടെ പിന്തുണയോടെ വിഘടനവാദികൾ യുക്രൈനിൽ സം​​ഘർഷ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സോവിയറ്റ് റിപ്പബ്ലിക്കായിരുന്നു യുക്രൈൻ. യുക്രൈനുമായി ആഴത്തിലുള്ള സാംസ്കാരിക ബന്ധങ്ങളും റഷ്യക്കുണ്ട്. വിസ്തൃതിയുടെ കാര്യത്തിൽ യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യം കൂടിയാണ് യുക്രൈൻ. പാശ്ചാത്യ രാജ്യങ്ങളുമായുള്ള യുക്രൈന്റെ പുതിയ ബന്ധം, യുക്രൈൻ റഷ്യയുടേതാണെന്ന് കരുതുന്ന പുടിന് ഒരിക്കലും അം​ഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. യുക്രൈൻ പാശ്ചാത്യരുടെ കളിപ്പാവയായി മാറുകയാണെന്ന് പുടിൻ വിമർശിച്ചിരുന്നു. യുക്രൈൻ നാറ്റോ സഖ്യത്തിൽ ചേർന്നാൽ, ക്രിമിയ തിരിച്ചുപിടിക്കാൻ സഖ്യം ശ്രമിക്കുമെന്ന് പുടിൻ വാദിച്ചു. നാറ്റോ 1997-ന് മുമ്പുള്ള അതിർത്തികളിലേക്ക് മടങ്ങണമെന്നാണ് പുടിൻ ആവശ്യപ്പെടുന്നത്. അതായത് മധ്യ, കിഴക്കൻ യൂറോപ്പും ബാൾട്ടിക്‌സും ഒഴിവാക്കണം. 1990 ന് ശേഷമാണ് നാറ്റോ സഖ്യം വലിയ രീതിയിൽ വിപുലീകരിക്കപ്പെട്ടത്.

ഭൂമിശാസ്ത്രപരമായ നേട്ടം

യുക്രൈനെ ആക്രമിക്കുന്നതിലൂടെ സോവിയറ്റ് യൂണിയന്റെ കാലത്തെ അതിർത്തികൾ പുനസ്ഥാപിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. യുക്രൈനിലേക്ക് നാറ്റോ സഖ്യം ആയുധങ്ങൾ വലിയ രീതിയിൽ എത്തിച്ചതും പുടിനെ പ്രകോപിപ്പിച്ചു. 2018ന് ശേഷം നൂറുകണക്കിന് ആന്റി-ടാങ്ക് ജാവലിൻ മിസൈലുകൾ യുഎസ്, യുക്രൈനിന് വിറ്റു. അർമേനിയയ്‌ക്കെതിരായ അസർബൈജാൻ വിജയത്തിൽ നിർണായകമായ അതേ സായുധ ഡ്രോണുകൾ തുർക്കിയും യുക്രൈനിന് വിറ്റിട്ടുണ്ട്.

ഇത്തരത്തിൽ ഒരു ഡ്രോൺ ഉപയോ​ഗിച്ചാണ് ഡോൺബാസിലെ വിമത പോരാട്ടത്തെ യുക്രൈൻ നേരിട്ടതെന്നും ദി ന്യൂയോർക്കർ പത്രപ്രവർത്തകൻ ജോഷ്വ യാഫ വ്യക്തമാക്കുന്നു. നാറ്റോ അംഗങ്ങളുമായി യുക്രൈൻ നടത്തിയ ആയുധകൈമാറ്റങ്ങൾക്ക് പുറമേ, വിവിധ കരാറുകളിലൂടെ യുക്രൈൻ നാറ്റോയിൽ അനൗദ്യോഗികമായി ഒരു അംഗരാജ്യത്തിന് തുല്യമായി മാറുന്നുവെന്ന് റഷ്യ ഭയപ്പെട്ടു. എന്നാൽ, നാറ്റോ യുക്രൈനിൽ സൈനിക താവളങ്ങൾ സ്ഥാപിക്കാതിരുന്നത് എന്തുകൊണ്ടാണെന്നത് വ്യക്തമല്ലെന്നും യാഫ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News