ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കാനുള്ള തയാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ആളുകൾ. ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും കോടിക്കണക്കിന് ജനങ്ങളാണ് പല ദേശങ്ങളിലായി ക്രിസ്മസ് ആഘോഷിക്കുന്നത്. യേശുക്രിസ്തുവിന്റെ ജനനദിനമായി ആഘോഷിക്കുന്ന ക്രിസ്മസ് അലങ്കാരങ്ങളുടെ കൂടെ ആഘോഷമാണ്. പുൽക്കൂടൊരുക്കിയും വീട് അലങ്കരിച്ചുകൊണ്ടു ആഘോഷിക്കുന്ന ക്രിസ്മസിൽ ഒഴിച്ചുകൂട്ടാനാകാത്തവയാണ് രുചികരമായ കേക്കുകളും വൈനുകളും. അതുപോലെ തന്നെ കരോൾ ഗാനങ്ങളില്ലാത്ത ഒരു ക്രിസ്മസിനെ കുറിച്ച് ഓർക്കാൻ പോലും ആകില്ല.
യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മപ്പെടുത്തലായ ഒരു ക്രിസ്ത്യൻ ആഘോഷമാണ് ക്രിസ്മസ്. ഡിസംബർ 25നാണ് ക്രിസ്തു ജനിച്ചതെന്ന വിശ്വാസത്തിലാണ് അന്നേ ദിവസം ആളുകൾ ക്രിസ്മസ് ആഘോഷിക്കുന്നത്. ഇതിന്റെ ഓർമ്മപ്പെടുത്തലാണ് തലേന്ന് രാത്രി ആളുകൾ ദേവാലയങ്ങളിൽ ഒത്തു കൂടുകയും പാതിര കുർബാന കൂടുകയും ചെയ്യും. ആളുകൾ പരസ്പരം ആശംസകൾ നേർന്നും ആലിംഗനം ചെയ്തും പിരിയുകയും പിന്നീട് വീടുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യും. മുൻപ്, പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം ആഘോഷിച്ചിരുന്ന ക്രിസ്മസ് പതിയെ പതിയെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
പാപങ്ങളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനായി ദൈവം തന്റെ പുത്രനായ യേശുവിനെ ലോകത്തിലേക്കയക്കുകയും അവരുടെ പാപങ്ങൾക്ക് പരിഹാരമായി ജീവൻ ബലി നൽകുകയും ചെയ്തു എന്നാണ് വിശ്വാസം. ക്രിസ്മസ് ആഘോഷങ്ങളുടെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകതയാണ് കരോൾ ഗാനങ്ങൾ. പൊതുവെ കരോളിനായി പാടുന്ന മിക്ക ഗാനങ്ങളും രചിച്ചത് ജൂതന്മാരാണ് എന്നാണ് പറയപ്പെടുന്നത്.
ഈ ഗാനങ്ങളൊന്നും അത്ര പഴക്കമുള്ളവയല്ല. ഇതിൽ ചിലത് നാടൻ പാട്ടുകളിൽ നിന്നും കടമെടുത്തവയും താങ്ക്സ് ഗിവിംഗിനായി രചിക്കപ്പെട്ടവയുമാണ്. എന്നാൽ, ഇന്ത്യയിൽ ഉപയോഗിക്കുന്ന കരോൾ ഗാനങ്ങൾ ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ നിന്നും രൂപപ്പെടുത്തിയെടുത്തവയാണ് എന്നാണ് പലരുടെയും വിശ്വാസം.
ഏറെ പ്രശസ്തമായ 'ജിംഗിൾ ബെൽസ്' എന്ന ഗാനം ബ്രിട്ടനിൽ എഴുതപ്പെട്ടതല്ലെന്ന് മാത്രമല്ല അതൊരു യഥാർത്ഥ കരോൾ ഗാനവുമല്ല. ഇത് 1850കളിൽ താങ്ക്സ് ഗിവിംഗിനായി യുഎസിൽ എഴുതപ്പെട്ട ഒരു ഗാനമാണ്. ആയിരത്തിലധികം വർഷങ്ങൾക്ക് മുൻപ് കരോൾ യൂറോപ്പിൽ പാടി തുടങ്ങിയതാണ് എന്നാണ് വിശ്വാസം. ഫ്രഞ്ച് വാക്കായ കരോളിന് 'നൃത്തം ചെയ്യുക' എന്നാണ് അർത്ഥ൦. എന്നാൽ, ഇടയ്ക്ക് ക്രിസ്മസ് ശാന്തതയുടെ ആഘോഷമാണ് എന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിൽ കരോൾ ഗാനങ്ങൾ നിരോധിച്ചിരുന്നു. പിന്നീട് കാലം മാറിയതോടെ കരോൾ ഗാനങ്ങൾ വീണ്ടും പ്രചാരത്തിലെത്തുകയായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി പള്ളികളിലും വീടുകളിലും മാത്രം പാടിയിരുന്ന കരോൾ ഗാനങ്ങൾ പിന്നീട് പണത്തിന് വേണ്ടിയും അല്ലാതെയുമായി പാടി തുടങ്ങി. പിന്നീട്, ക്രിസ്മസ് ആഘോഷങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ആളുകൾ സംഘങ്ങളായി തിരിഞ്ഞു വീടുകൾ കയറിയിറങ്ങി ഈ പാട്ടുകൾ പാടാൻ തുടങ്ങുകയും ചെയ്തു. കരോൾ ഗാനങ്ങൾ മാത്രം പാടുന്നതിനായി പ്രത്യേകം ഗായകസംഘങ്ങൾ രൂപംകൊണ്ടതും ഇങ്ങനെയാണ്. പതിയെ പതിയെ കരോൾ ഗാനങ്ങൾ ക്രിസ്മസ് ആഘോഷങ്ങളുടെ അഭിവാജ്യ ഘടകമായി മാറി. പിന്നീട് ഗായകസംഘങ്ങൾക്കൊപ്പം സാന്റാക്ളോസുകൾ കൂടി എത്തി തുടങ്ങിയതോടെ കരോൾ കൂടുതൽ ജനപ്രിയമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...