തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ പത്ത് പ്രത്യേക മെഡിക്കൽ സംഘത്തെ വിന്യസിക്കും. നഗരത്തിൽ വിവിധ മേഖലയിൽ സർവ്വസജ്ജമാകുന്ന സംഘം മാർച്ച് ഏഴ് പൊങ്കാല ദിവസം രാവിലെ 5 മണി മുതൽ പ്രവത്തനം ആരംഭിക്കും. ഇതിന് പുറമെ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യം ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ പ്രത്യേക കൺട്രോൾ റൂമും പ്രവർത്തിക്കുന്നതാണ്.
ആംബുലൻസ് ഉൾപ്പെടെ ഒരു ഡോക്ടറും, സ്റ്റാഫ് നഴ്സും നഴ്സിങ് അസിസ്റ്റന്റ് അടങ്ങുന്ന ഒരു മെഡിക്കൽ സംഘമാണ് ആറ്റുകാൽ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുക. പൊങ്കാല ദിവസം രാവിലെ ഏഴ് മണി മുതൽ രാത്രി പത്ത് മണി വരെ ഈ സംഘം അവിടെ പ്രവർത്തിക്കുന്നതാണ്. കൂടാതെ കുത്തിയോട്ടം വഴിപാട് നടക്കുന്നിടത്ത് ശിശു വിദഗ്ധരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തെയും വിന്യസിക്കും. ഇതിന് പുറമെ ആയുഷ് വിഭാഗത്തിന്റെ സർവീസും ഉറപ്പ് വരുത്തുന്നതാണ്.
ALSO READ : Attukal Pongala 2023 : ആറ്റുകാൽ പൊങ്കാലയുടെ പ്രത്യേകതകളും അനുഷ്ഠാനങ്ങളും
ഹെൽത്ത് ഇൻസ്പെക്ടർമാരുൾപ്പെടെ എട്ട് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പ്രത്യേക പരിശോധന നടത്തും. അടിയന്തരഘട്ടം പോലെയുള്ള സാഹചര്യങ്ങൾ വന്നാൽ അതിന് വേണ്ടി സജ്ജമായിരിക്കണമെന്ന് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകിട്ടുണ്ട്. 108 കനിവ്, സിറ്റി കോർപ്പറേഷൻ, ജില്ല ഐഎംഎ സ്വകാര്യ അശുപത്രികളുടെ ഉൾപ്പെടെ 35 ആംബുലൻസുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമായിരിക്കും.
സ്പെഷ്യൽ സർവീസുമായി റെയിൽവെ
പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പുലര്‍ച്ചെ 1:45 ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സർവീസും ഉണ്ടാകും. അതുപോലെ ഉച്ചക്ക് 2:45 ന് തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേക്കും വൈകിട്ട് 3:30 ന് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും ട്രെയിനുകള്‍ ഉണ്ടായിരിക്കും.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തിലെത്തി പൊങ്കാലയിടാന്‍ 50 ലക്ഷം പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. 800 വനിതാ പോലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും കൂടാതെ അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലുമുണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...