ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സിഒഒ) ഷെറിൽ സാൻഡ്‌ബെർഗ് രാജിവച്ചു. 14 വർഷത്തെ സേവനത്തിന് ശേഷമാണ് ഷെറിൽ സിഒഒ പദവി ഒഴിഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ഷെറിൽ രാജിവച്ച വാർത്തയെ തുടർന്ന് കമ്പനിയുടെ ഓഹരികൾ ഏകദേശം 4% ഇടിഞ്ഞു.
ഭാവി എന്തായിരിക്കുമെന്ന് അറിയില്ല. എന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് സാൻഡ്‌ബെർഗ് പറഞ്ഞു. കമ്പനിയുടെ സിഒഒ പദവി ഒഴിയുകയാണ് എന്നാൽ മെറ്റയുടെ ബോർഡിൽ തുടരുമെന്നും ഷെറിൽ വ്യക്തമാക്കി.
ഒരു സ്റ്റാർട്ടപ്പിൽ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ അഡ്വട്ടൈസിങ് പവർഹൗസായി മാറാൻ ഫേസ്ബുക്കിനെ സഹായിച്ച ആഗോള ബിസിനസിലെ ഏറ്റവും അംഗീകൃത വ്യക്തിത്വമായി മാറിയ ഒരാളാണ് ഷെറിൽ സാൻഡ്‌ബെർഗ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയുടെ ബോർഡിൽ 52 കാരിയായ സാൻഡ്‌ബെർഗ് തുടരും. വർഷങ്ങളായി കമ്പനിയുടെ വളർച്ചക്ക് നേതൃത്വം നൽകിയ ജാവിയർ ഒലിവൻ സിഒഒ ആയി ചുമതല ഏറ്റെടുക്കും.
2008-ൽ ഫേസ്ബുക്കിൽ ചേർന്ന സാൻഡ്‌ബെർഗ് കഴിഞ്ഞ വർഷം ഏകദേശം 120 ബില്യൺ ഡോളർ വരുമാനം നേടിയ ഒരു സോഷ്യൽ മീഡിയ ഭീമനായി ഫേസ്ബുക്കിനെ മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇതിനിടെ "ലീൻ ഇൻ" എന്നൊരു ബുക്കും അവർ പ്രസിദ്ധീകരിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗിന് ശേഷം കമ്പനിയുടെ ഏറ്റവും ഉയർന്ന മുഖമായി ഷെറിൽ പ്രവർത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...