ന്യൂ ഡൽഹി: പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയിലെത്തുന്ന വിമാനകമ്പനി ആകാശ എയറിന് ഡിജിസിഎയുടെ എയർ ഓപറേറ്റർ സെർട്ടിഫിക്കേറ്റ് (എഒസി) ലൈസെൻസ് ലഭിച്ചു. ഉടൻ തന്നെ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് ലൈസെൻസ് ലഭിച്ചതിന് പിന്നാലെ കമ്പനി ട്വിറ്ററിൽ കുറിച്ചു. 72 ബോയിങ് 737 മാക്സ് എന്നീ വിമാനങ്ങളുമായിട്ടാണ് കമ്പനി ഇന്ത്യൻ വ്യോമ മാർക്കറ്റ് പിടിച്ചെടുക്കാനായി എത്തുന്നത്. ഈ മാസം അവസാനം തന്നെ ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഈ വർഷം ഡിജിസിഎ എഒസി ലൈസെൻസ് നൽകുന്ന രണ്ടാമത്തെ എയർ കമ്പനിയാണ് ആകാശ. നേരത്തെ വീണ്ടും സർവീസ് ആരംഭിക്കുന്ന ജെറ്റ് എയർവേയ്സിനും ഡിജിസിഎ അനുമതി നൽകിയിരുന്നു.
We are pleased to announce the receipt of our Air Operator Certificate (AOC). This is a significant milestone, enabling us to open our flights for sale and leading to the start of commercial operations.
— Akasa Air (@AkasaAir) July 7, 2022
അടുത്തിടെയാണ് കമ്പനി തങ്ങളുടെ എയർലൈൻ ക്രൂവിന്റെ യൂണിഫോം അവതരിപ്പിച്ചത്. മറ്റ് എയലൈനുകളെക്കാൾ വ്യത്യസ്തമായി എയർഹോസ്റ്റസ്മാർക്ക് ട്രൗസറും സ്നീക്കറുമാണ് ആകാശ ഡിസൈൻ ചെയ്തിരിക്കുന്നത്. ഓറഞ്ചും, കറുപ്പും അടങ്ങിയ യൂണിഫോമാണ് ആകാശ എയർ ജീവനക്കാർക്കായി തയ്യാറാക്കിയിരിക്കുന്നത്. കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത എടുത്ത പോളിസ്റ്റർ തുണിയിലാണ് ജീവനക്കാരുടെ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ ഇൻഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുമെന്ന് അവകാശവാദവുമായി എത്തുന്ന എയർലൈനാണ് ആകാശ എയർ. ഓറഞ്ചും പർപ്പിളും ചേർന്നുള്ള നിറത്തിലാണ് വിമാനം അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ പോർട്ട്ലാൻഡിൽ നിന്ന് പാർട്സെത്തിച്ചാണ് വിമാനത്തിന്റെ നിർമാണം പ്രധാനമായും നടത്തിയത്. QP എന്ന കോഡാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് വിമാന സർവീസിന്റേത്. ഇന്ത്യൻ വിമാന സർവീസിലേക്ക് തിരികെയെത്തുന്ന ജെറ്റ് എയർവേസിനൊപ്പമായിരിക്കും ആകാശയുമെത്തുന്നത്.
മെട്രോ, ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാർച്ച് 2023 വരെ 18 വിമാനങ്ങളുമായി ആഭ്യന്തര വിമാന സർവീസ് നടത്താനാണ് ആകാശ പദ്ധതിയിടുന്നത്. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയ്ക്ക് പുറമെ വിമാന സർവീസ് പരിചയ സമ്പന്നരായ വിനയ് ഡ്യൂബെ, അദിത്യ ഘോഷ് എന്നിവർ ചേർന്നാണ് ആകാശയ്ക്ക് ഫണ്ട് ഒരുക്കുന്നത്. ഓഗസ്റ്റ് 2021ൽ സിവിൽ ഏവിയേഷൻ മന്ത്രാലയം ഇവർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.