വിലവർധന മൂലം കണ്ണ് നനയ്ക്കുന്ന സവാളയാണ് മാർക്കറ്റിൽ ഏറ്റവും അധികം വാർത്തയായിട്ടുള്ളത്. തക്കാളി വിലയിലെ വർധന കർഷകർക്ക് സന്തോഷമാണെങ്കിൽ ഉപഭോക്താക്കൾക്ക് കണ്ണീരാണ്. വിപണിയിൽ കിലോയ്ക്ക് 150 രൂപയോളമാണ് ഇപ്പോൾ തക്കാളിയ്ക്ക് വില. അതായത്, ഏകേദശം ഒന്നര ലിറ്റർ പെട്രോളിന്റെ വില.
തക്കാളി കൃഷിയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത് കോലാർ ആണ്. കുറച്ച് ആഴ്ചകൾ മുമ്പ് വരെ കിലോയ്ക്ക് 15 മുതൽ 20 രൂപ വരെയായിരുന്നു വില. പക്ഷേ ഇപ്പോൾ സെഞ്ച്വറിയും കടന്നുപോയി. മഹാരാഷ്ട്രയിലെ നാസിക്ക് കഴിഞ്ഞാൽ ഏഷ്യയിലെ തന്നെ ഏറ്റവും അധികം തക്കാളി വിപണനകേന്ദ്രം കോലാറാണ്. ഉൽപാദനത്തിലുണ്ടായ വലിയ ഇടിവാണ് ഇപ്പോഴത്തെ വിലക്കയറ്റിന് പിന്നിൽ. തക്കാളി ചെടികളിലെ ഇലകളെ നശിപ്പിക്കുന്ന വൈറ്റ് ഫ്ലൈ എന്ന കീടത്തിന്റെ ആക്രമണം വലിയതോതിലാണ് കൃഷി നശിപ്പിച്ചത്. അങ്ങനെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ കൂടാതെ ബംഗ്ലാദേശ് അടക്കമുള്ളിടത്തേക്കുള്ള കയറ്റി അയയ്ക്കൽ നിലച്ചു.
നാസിക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാർക്കറ്റ്. കഴിഞ്ഞ മാസം തന്നെ ഇവിടത്തെ വിൽപനയും വിതരണം നിർത്തിവയ്ക്കേണ്ടിവന്നു. കോലാറിൽ നിന്ന് തക്കാളിപ്പെട്ടികൾ എത്താതായതോടെ വില കൂടാൻ തുടങ്ങി. വലിപ്പവും ഗുണമേന്മയും നോക്കിയാണ് തക്കാളിപ്പെട്ടികൾ ലേലത്തിൽ പോവുക. ക്രേറ്റിന് (15 കിലോ പെട്ടി) 9,000 മുതൽ 1,800 രൂപവരെയാണ് വില. അതായത് ഒരു കിലോയ്ക്ക് ഏകദേശം 120 രൂപ. ഇത് പിന്നിടീ ഇടനിലക്കാർ വഴി വിപണിയിലെത്തി ഉപഭോക്താക്കളുടെ കൈയിലെത്തുമ്പോൾ വില 140 ആകും. ഡൽഹി, കൊൽക്കത്ത, മുംബൈ നഗരങ്ങളിൽ ഇപ്പോൾ ഏകദേശ വില ഇതാണ്. കർഷകർക്ക് അവരുടെ ഉൽപന്നത്തിന് ലഭിക്കുന്ന മികച്ച വിലയാണിതെങ്കിലും ഉപഭോക്താക്കളായ സാധാരണക്കാർക്ക് ഈ വില താങ്ങാനാകില്ല.
ALSO READ : PM Kisan Latest Update: പിഎം കിസാൻ പദ്ധതിയിൽ വന്‍ മാറ്റങ്ങൾ, കോടിക്കണക്കിന് കർഷകരെ നേരിട്ട് ബാധിക്കും
കോലാറിൽ നിന്ന് ദിവസവും 300 ക്രേറ്റ് തക്കാളിയെങ്കിലും ലഭിക്കുന്നിടത്താണ് ഇപ്പോൾ അത് 50-60 ക്രേറ്റായി കുറഞ്ഞത്. ഛത്തീസ്ഗഡ്, ബിലാസ്പൂർ, റായ്പൂർ, എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ ഒരു ക്രേറ്റിന് 900-1500 രൂപ വിലയാണ്. മീഡിയം സൈസ് തക്കാളിയാണ് ഇവിടെ വിൽക്കുന്നത്. മുംബൈ, കൊൽക്കത്ത, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ 15 കിലോയ്ക്ക് 1,100 മുതൽ 1,300 രൂപവരെയാണ്. ഗുണമേൻമയിൽ ഏറ്റവും മികച്ച തക്കാളിയാണിവ. എങ്ങനെ കണക്ക് കൂട്ടിയാലും വിപണിയിൽ ഒരു കിലോ തക്കാളിയ്ക്ക് 120 രൂപയെങ്കിലും കുറഞ്ഞത് വരും.
ബംഗ്ലാദേശ് തക്കാളി അയയ്ക്കുന്ന ഒരു കർഷകൻ പറയുന്നത് ഇങ്ങനെയാണ്. -''ഒരു ഏക്കറിൽ തക്കാളി കൃഷിയ്ക്ക് ചെലവാകുന്നത് ഏകദേശം രണ്ട് ലക്ഷം രൂപ വരെയാണ്. ഒരു ഏക്കറിൽ നിന്ന് ഏകദേശം 240 ബോക്സ് വിളവ് ലഭിക്കും. ഇപ്പോൾ ഒരു ബോക്സിന് ആയിരം രൂപ കിട്ടുന്നുണ്ട്. തക്കാളി വില ബോക്സിന് 200 രൂപ കുറഞ്ഞാൽ (കിലോയ്ക്ക് 13 രൂപയ്ക്ക് അടുത്ത്) ജീവിതം പ്രതിസന്ധിയിലാകും''. അതായത്, നിലവിലെ വിലക്കയറ്റത്തിൽ കർഷകർ സന്തോഷത്തിലാണ്.
മെയ്-ഓഗസ്റ്റ് മാസങ്ങളാണ് കോലാറിൽ ഏറ്റവും അധികം വിപണനം നടക്കുന്നത്. തക്കാളി സീസൺ ഡിസംബർ വരെ നീളും. മുമ്പ് കോലാറിലേക്ക് 100 ബോക്സ് തക്കാളിയാണ് എത്തിയിരുന്നത് എങ്കിൽ ഇപ്പോൾ അത് വെറും 30 ബോക്സ് ആണ്. അഗ്രികൾച്ചർ പ്രൊഡ്യൂസ് ആൻഡ് ലൈവ്സ്റ്റോക് മാർക്കറ്റ് കമ്മിറ്റി (APMC) കണക്ക് പ്രകാരം ജൂണിൽ കോലാറിൽ എത്തിയത് 3.2 ലക്ഷം ക്വിന്റൽ തക്കാളി; ഇത് കഴിഞ്ഞ വർഷം 5.45 ലക്ഷം ക്വിന്റൽ ആണ്. മൺസൂൺ വൈകിയതും ചൂട് കൂടിയതും ഉൽപാദനം കുറഞ്ഞതും മഴ കൂടിയതും ഒക്കെ സമീപ സംസ്ഥാനങ്ങളിലെ തക്കാളി കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
തക്കാളി തേടി മോഷ്ടാക്കൾ
തക്കാളി വില 150 വരെ എത്തിയതോടെ തക്കാളി പാടങ്ങളിൽ മോഷ്ടാക്കളും എത്തിത്തുടങ്ങി. രണ്ടര ലക്ഷം രൂപയുടെ തക്കാളി മോഷ്ടക്കപ്പെട്ടതായാണ് കർണാടകയിലെ ഒരു കർഷകയുടെ പരാതി. മോഷണം തടയാൻ കടയിൽ സിസിടിവി സ്ഥാപിച്ചിരിക്കുകയാണ് തെലങ്കാനയിലെ ഒരു വ്യാപാരി.
കർണാടകയിലെ ഗോനി സോമൻഹള്ളി ഗ്രാമത്തിലെ കർഷകയാണ് തക്കാളി മോഷണം പോകുന്നുയെന്ന് പരാതി നൽകിയിരിക്കുന്നത്. വിളഞ്ഞുനിന്ന 60 ബാഗ് തക്കാളി പാടത്തുനിന്ന് മോഷ്ടിക്കപ്പെട്ടാണ് ഇവർ ആരോപിക്കുന്നത്. രണ്ടര ലക്ഷം രൂപ വില വരുന്ന തക്കാളിയാണ് നഷ്ടമായത്. വീടിന് സമീപത്തെ രണ്ട് ഏക്കർ സ്ഥലത്താണ് ധരിണിയും കുടുംബവും തക്കാളി കൃഷി ചെയ്തത്. അടുത്ത ആഴ്ച വിളവെടുത്ത് വിപണിയിലെത്തികുന്നതിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ബീൻസ് കൃഷി ചെയ്തിരുന്ന ഇവർക്ക് കനത്ത നഷ്ടം വന്നതിനെത്തുടർന്ന് വായ്പ എടുത്താണ് തക്കാളി കൃഷി ആരംഭിച്ചത്. പലയിടത്തും വിപണിയിൽ തക്കാളി വില 150 ഉം കടന്നതോടെ പ്രതീക്ഷയിലായിരുന്നു ധരിണിയും കുടുംബവും. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷ്ടാക്കൾ എത്തി തക്കാളിപറിച്ചുകൊണ്ടുപോയത്. ബാക്കിയുള്ള കൃഷികൾ നശിപ്പിക്കുകയും ചെയ്തു.
പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. തക്കാളി മോഷ്ടിച്ചതിന് ആദ്യമായാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് എന്നാണ് ഹലേബീദു സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നത്. പച്ചക്കറികൾക്കെല്ലാം തീപിടിച്ച വിലയായതോടെ കടകളിൽ മോഷണം നടക്കുന്നതായി വ്യാപാരികളും പരാതിപ്പെടുന്നു. മോഷ്ണം തടയാൻ തെലങ്കാനയിലെ മെഹ്ബൂബാബാദിൽ സിസിടിവി സ്ഥാപിച്ചിരിക്കുകയാണ് ഒരു വ്യാപാരി. കള്ളന്മാരെ പേടിച്ച് തക്കാളിപ്പാടങ്ങളിൽ അധികസുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് പല കർഷകരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...