ഡെറാഡൂൺ: റെസ്റ്റോറന്റുകൾക്ക് ഓർഡർ മാറി പോകുന്ന സാഹചര്യം പലതവണ നമ്മൾ കണ്ടിട്ടുണ്ടാകും അനുഭവിച്ചിട്ടുമുണ്ടാകും. ചിലർക്ക് അതൊരു ലോട്ടറിയാണ്. കാരണം ചിലപ്പോൾ നമ്മൾ ഓർഡർ ചെയ്തതിലും നല്ല ഭക്ഷണം കിട്ടിയേക്കാം. എന്നാൽ മറ്റ് ചിലർക്ക് അത് ഏറ്റവും മോശം അനുഭവമായി മാറാറുണ്ട്. പലരും ഇതിൽ പരാതി നൽകാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഉത്തരാഖണ്ഡിൽ സംഭവിച്ചത്. തെറ്റായ ഓർഡർ നൽകിയതിന് ഉത്തരാഖണ്ഡ് റൂർക്കിയിലെ ഉപഭോക്തൃ കോടതി പിഴ ഈടാക്കുകയും ചെയ്തു.
സസ്യഭുക്ക് (വെജിറ്റേറിയൻ) ആയ ഒരാൾ ഡൊമിനോസിൽ നിന്ന് വെജ് പിസ ഓർഡർ ചെയ്തു. എന്നാൽ ഉപഭോക്താവിന് ലഭിച്ചത് നോൺ വെജ് പിസ ആയിരുന്നു. 2020 ഒക്‌ടോബർ 26നാണ് ഈ സംഭവം നടന്നത്. ശിവങ്ക് മിത്തൽ എന്നയാളാണ് ഡൊമിനോസിൽ നിന്ന് വെജിറ്റേറിയൻ പിസ ഓർഡർ ചെയ്തത്. ഓർഡർ ഡെലിവറി ചെയ്തപ്പോൾ 918 രൂപയും ഡെലിവറി എക്‌സിക്യൂട്ടീവിന് നൽകി. ഓർഡർ നൽകുമ്പോൾ തന്നെ വ്യത്യസ്തമായൊരു മണം ഉണ്ടായിരുന്നുവെന്ന് അയാൾ കോടതിയെ അറിയിച്ചു. പിസ തുറന്ന് നോക്കിയപ്പോഴാണ് അത് നോൺ വെജിറ്റേറിയൻ പിസയാണെന്ന് മനസ്സിലായത്. ഇത് കണ്ടയുടൻ ഇയാൾ ഛർദിക്കുകയും ചെയ്തു. പരാതിക്കാരന്റെ കുടുംബവും സസ്യാഹാരികളാണ്.
പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. നിരവധി അധികൃതരെ സമീപിച്ചെങ്കിലും അവരും സഹായിച്ചില്ല. ഒടുവിൽ 2021ലാണ് ശിവങ്ക് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ജില്ലാ ഉപഭോക്തൃ ഫോറം മേധാവി കൻവർ സെൻ, അംഗങ്ങളായ അഞ്ജന ചദ്ദ, വിപിൻ കുമാർ എന്നിവരാണ് പരാതിയിൽ തീർപ്പുണ്ടാക്കിയത്. ഡൊമിനോസിന്റെ അശ്രദ്ധയാണ് ഓർഡർ മാറാൻ കാരണമെന്ന് കണ്ടെത്തി. റൂർക്കിയിലെ ഉപഭോക്തൃ കോടതി ഡോമിനോസിന് 9,65,981 രൂപയാണ് പിഴ ചുമത്തിയത്. കമ്പനിയുടെ നടപടി പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു.
ആറ് ശതമാനം പലിശ സഹിതം 918 രൂപയും ശാരീരികവും മാനസികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾ വരുത്തിയതിന് 4.65 ലക്ഷം രൂപയും പ്രത്യേക പിഴയായി 5 ലക്ഷം രൂപയും ഒരു മാസത്തിനകം അടയ്ക്കണമെന്ന് കോടതി കമ്പനിയോട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...