തൃശൂർ: മൃഗശാലയ്ക്ക് മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 6 പവന്റെ ആഭരണം മോഷ്ടിച്ച ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുന്നംകുളം പന്നിത്തടം സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ചീട്ടു കളിച്ച് കടം ഉണ്ടായെന്നും അത് വീട്ടാനാണ് മോഷണം നടത്തിയതെന്നുമാണ് റഷീദ് പോലീസിൽ മൊഴി നൽകിയത്. സിസിടിവിയില്‍ നിന്നും ലഭിച്ച ചെറിയ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവറെ പിടികൂടിയത്. മലപ്പുറം തിരൂര്‍ സ്വദേശികളുടെ കാറില്‍ നിന്നാണ് ഇയാൾ ആറുപവന്‍ മോഷ്ടിച്ചത്.
ഫെബ്രുവരി അഞ്ചിന് തൃശൂര്‍ മൃഗശാല കണ്ട് മടങ്ങിയെങ്കിലും വീട്ടുകാര്‍ ബാഗ് പരിശോധിക്കാത്തതിനാല്‍ മോഷണം നടന്ന വിവരം അറിയാന്‍ വൈകി. കുട്ടിയുടെ ആഭരണങ്ങളായിരുന്നു നഷ്ടപ്പെട്ടത്. 19ന് അന്വേഷിച്ചപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. ഉടൻ തന്നെ ഈസ്റ്റ് പോലീസില്‍ പരാതിയും നല്‍കി.
പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ കാവി മുണ്ടുടുത്ത ഒരാള്‍ കാറിൽ നിന്ന് ആഭരണങ്ങളെടുത്ത് ഓട്ടോയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ കിട്ടി. ദൃശ്യങ്ങൾ പോലീസ് സൂം ചെയ്ത് നോക്കിയപ്പോൾ എ ഇസഡ് സണ്‍സ് എന്ന സ്റ്റിക്കര്‍ തിരിച്ചറിഞ്ഞു. ഇത്തരത്തിൽ സ്റ്റിക്കർ പതിച്ച 10 ഓട്ടോ മുടിക്കോട് സ്വദേശിക്ക് ഉണ്ടെന്ന് മനസിലാക്കിയ പോലീസിന്റെ അന്വേഷണം പിന്നീട് ആ വഴിക്കായി. മുടിക്കോട് സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍ ഡ്രൈവര്‍മാരില്‍ ആറുപേര്‍ പാന്‍റിടുന്നവരും നാലുപേര്‍ മുണ്ടുടുക്കുന്നവരുമാണെന്ന മൊഴി ലഭിച്ചു.
നാല് പേരിൽ ഒരാൾ മാത്രമായിരുന്നു കാവി മുണ്ടുടുക്കുന്നത്. അങ്ങനെയാണ് റഷീദിനെ പിടികൂടുന്നത്. രണ്ടര ലക്ഷത്തോളം രൂപയ്ക്ക് മൂന്നു സ്ഥലങ്ങളിലായി റഷീദ് സ്വര്‍ണ്ണം വിറ്റിരുന്നു. ചീട്ടുകളിച്ചുണ്ടായ കടം വീട്ടിയ ശേഷം ബാക്കി പണവും ചീട്ടുകളിച്ചു കളഞ്ഞു. പോലീസ് ഇനി അന്വേഷിച്ച് വരില്ലെന്ന വിസ്വാസത്തിലിരിക്കുമ്പോഴാണ് അറസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...