ഒന്നര വയസ്സുകാരിയുടെ കൊലപാതകം; സിപ്സിയെ കൊച്ചി പൊലീസിന് കൈമാറി; പൂന്തുറയിലും തമ്പാനൂരിലും നാടകീയ രംഗങ്ങൾ

ഇന്നലെ വൈകിട്ടോടെയാണ് സിപ്സി തിരുവനന്തപുരത്ത് എത്തിയത്

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 08:24 PM IST
  • മൊഴിയിൽ ഇത്തരമൊരു കുറ്റം ചെയ്തില്ലെന്നാണ് സിപ്സി പറഞ്ഞത്
  • നാട്ടിലുള്ള കുഞ്ഞിൻ്റെ അച്ഛൻ സജീവിനായി പൊലീസ് തിരച്ചിൽ തുടങ്ങി
  • ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരമാണ് ഇവർക്കെതിരെ കേസ്
ഒന്നര വയസ്സുകാരിയുടെ കൊലപാതകം; സിപ്സിയെ കൊച്ചി പൊലീസിന് കൈമാറി; പൂന്തുറയിലും തമ്പാനൂരിലും നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: കൊച്ചി കലൂരിലെ ഹോട്ടലിൽ ഒന്നര വയസ്സുകാരിയുടെ കൊലപാതകത്തിൽ കുഞ്ഞിൻറെ മുത്തശ്ശി സിപ്സിയെ തമ്പാനൂർ പൊലീസ് കൊച്ചി പൊലീസിന് കൈമാറി. ചേരാനല്ലൂർ പൊലീസ് തമ്പാനൂർ സ്റ്റേഷനിലെത്തിയാണ് സിപ്സിയെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. അതിനിടെ, ഇവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. ബീമാപ്പള്ളിയിൽ കറങ്ങി നടക്കവേ പൂന്തുറ പൊലീസ് പിടികൂടിയ സിപ്സിയെ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

ഇന്നലെ വൈകിട്ടോടെയാണ് സിപ്സി തിരുവനന്തപുരത്ത് എത്തിയത്. ഇടയ്ക്കിടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന ഇവർ ഇവിടെ സുഹൃത്തുക്കളുമായി താമസിക്കുന്നത് പതിവായിരുന്നു. തമ്പാനൂരിലെ കൂട് എന്ന ലോഡ്ജിൽ മുറിയെടുത്താണ് ഇവർ താമസിച്ചത്. പിന്നീട്, വേഷംമാറി ബീമാപള്ളിയിലേക്ക് പോവുകയായിരുന്നു. ബീമാപള്ളിയിൽ സിപ്സിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. 

ഇവർ തിരുവനന്തപുരത്തേക്ക് തിരിച്ചപ്പോൾ തന്നെ കൊച്ചി പൊലീസ് പൂന്തുറ പൊലീസിന് രഹസ്യവിവരം കൈമാറിയിരുന്നു. തുടർന്ന്  ബീമാപ്പള്ളിയിൽ നിന്ന് പിടികൂടിയ ഇവരെ പൂന്തുറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.അതിന് ശേഷം തമ്പാനൂർ സ്റ്റേഷനിലെത്തിച്ചു.

ജുവനൈൽ ജസ്റ്റിസ് ആക്ട് 77 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കുഞ്ഞിൻ്റെ സംരക്ഷണം നിർവഹിക്കുന്നതിന് പകരം, അത് നിഷേധിച്ചുകൊണ്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ വകുപ്പാണ് ചുമത്തിയത്. സംഭവവുമായി ബന്ധപ്പെട്ട കേസ് കൊച്ചി സ്റ്റേഷൻ പരിധിയിലായതിനാൽ കൂടുതൽ ചോദ്യംചെയ്യൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. 

എങ്കിലും, പ്രാഥമിക ഘട്ടത്തിൽ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയപ്പോൾ താൻ ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് മൊഴിയാണ് ഇവർ പറഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് നിങ്ങളല്ലേ എന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പരുക്കൻ മറുപടിയോടെ നിഷേധിക്കുകയായിരുന്നു.

അതേസമയം, നാട്ടിലുള്ള കുഞ്ഞിൻ്റെ അച്ഛൻ സജീവിനായി പൊലീസ് തിരച്ചിൽ തുടങ്ങി. സിപ്സിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുള്ളതായി പോലീസ് പറഞ്ഞു. കൊച്ചി ജില്ലയിലെ അങ്കമാലി, കൊരട്ടി സ്റ്റേഷനുകളിൽ കേസുകളുണ്ട്. മോഷണക്കുറ്റം, ലഹരിയിടപാട് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. 

കൊച്ചിയിലെ വനിതാ പോലീസ് സ്റ്റേഷൻ്റെ ഓട് പൊളിച്ച് പുറത്ത് കടക്കാൻ ശ്രമിച്ച കേസിലും ഇവർ പ്രതിയാണ്. കേസിൽ വിശദമായ ചോദ്യം ചെയ്യലിൽ കൊച്ചിയിൽ ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News