മലപ്പുറം: വളാഞ്ചേരി സിഐ ഓഫീസ് പരിസരത്ത് നിന്നും തൊണ്ടിവാഹനം മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി.പ്രായപൂര്‍ത്തിയാകാത്തയാള്‍ അടക്കമുള്ള നാലംഗസംഘമാണ് അനധികൃതമായി മണല്‍ കടത്തിയ കേസില്‍ പിടിച്ചിട്ട വാഹനം മോഷണം നടത്തിയത്.
അനധികൃതമായി മണല്‍ കടത്തിയതിനെ തുടര്‍ന്ന് പിടികൂടിയ വാഹനമാണ് സംഘം മോഷ്ടിച്ചതായി കണ്ടെത്തിയത്. ഈ മാസം ജനുവരി ആറാം തീയതി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട വാഹനം കോടതി നിര്‍ദ്ദേശപ്രകാരം വട്ടപ്പാറയില്‍ ഉള്ള പഴയ സിഐ ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചു വരവേയാണ് മോഷണം. ജനുവരി 14-ാം തീയതിയാണ് കേസില്‍ ഉള്‍പ്പെട്ട മണല്‍ ലോറി സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്നും മോഷണം പോയത്.
ALSO READ: Crime: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡിവൈഎസ്പി കെ ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. കേസിലെ മൂന്നാം പ്രതിയായ കാടാമ്പുഴ തൂവപ്പാറ സ്വദേശി മുഹമ്മദ് സലീമിനെ കഴിഞ്ഞദിവസം റിമാന്റ് ചെയ്തിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളുടെ അറസ്റ്റാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.
ഈ കേസില്‍ ഒന്നാം പ്രതിയായ കല്പകഞ്ചേരി കല്ലിങ്കല്‍ പറമ്പ് സ്വദേശി മുസ്താഖ് റഹ്മാന്‍ കഴിഞ്ഞ ദിവസം രാത്രി പോലീസിനെ കണ്ടുഓടിരക്ഷപ്പെടുന്നതിനിടയില്‍ കോട്ടക്കല്‍ ചെറുശോലയിലെ പറമ്പിലെ കിണറ്റില്‍ വീഴുകയും തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നല്‍കിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ ജുവനെയില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...