കൊല്ലം: ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷയും 6 ലക്ഷം പിഴയും . മൺട്രോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേർഡ്നെ ആണ് കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. 2021 മേയ് 11-ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു സംഭവം.
ഇയാളുടെ ഭാര്യ വർഷ , മക്കളായ 2 വയസുള്ള അലൻ , മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെ എഡ്വേർഡ് വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിൽ ആണ് അഡീഷണൽ സെഷൻസ് ജഡ്ജി എസ് സുഭാഷ് ശിക്ഷ വിധിച്ചത്. മൂന്ന് കൊലപാതകങ്ങൾക്കും മൂന്ന് ജീവപര്യന്തമാണ് വിധിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കൂടാതെ 2 ലക്ഷം രൂപ വച്ച് 6 ലക്ഷം രൂപയും പിഴയായി നൽകണം. മെഡിക്കൽ സ്‌റ്റോർ ജീവനക്കാരനായിരുന്ന എഡ്വേർഡ് അനസ്തേഷ്യയ്ക്കു മുൻപു മസിൽ റിലാക്സേഷന് വേണ്ടി നൽകുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്.
മരുന്ന് കുത്തി വെച്ചാൽ 10 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും. മുറിയിൽ അബോധാവസ്ഥയിൽ അഭിനയിച്ചു കിടന്ന എഡ്വേർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. പ്രതി കുറ്റ സമ്മതവും നടത്തി. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. അഞ്ച് വയസ്സ് ഉണ്ടായിരുന്ന മൂത്തമകൾക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല.
അവൾ സ്വയം ജീവിച്ചുകൊള്ളും അതുകൊണ്ടാണ് കൊല്ലാതിരുന്നത് എന്നാണ് പ്രതി നൽകിയ മൊഴി. സംഭവം നേരിൽ കണ്ട മൂത്ത മോളുടെ മൊഴിയും നിർണായകമായിരുന്നു. മെഡിക്കൽ സ്റ്റോറിൽ നിന്നും ഉടമ അറിയാതെ എടുത്ത മരുന്നു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. അഡ്വ: ഷറഫുന്നീസയാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ. കോടതിവിധിച്ച ശിക്ഷയിൽ തൃപ്തിയുണ്ടെന്നും എന്നാൽ വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും മരിച്ച പെൺകുട്ടി വർഷയുടെ മാതാവ് പറഞ്ഞു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.