Chennai: പിറന്നത് പെണ്‍കുട്ടി, ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ മാതാപിതാക്കള്‍..
മധുര ഉസിലംപട്ടിയിലാണ് സംഭവം. ഒരുകാലത്ത് പെണ് ശിശുഹത്യയ്ക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ് മധുര ഉസിലംപട്ടി.
ഒരാഴ്ച മുന്‍പ് ജനിച്ച പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്തപ്പനായ്ക്കനൂര് പാറപട്ടിയിലെ കര്‍ഷക തൊഴിലാളികളായ ചിന്നസാമി-ശിവപ്രിയങ്ക ദമ്പതികളാണ് പ്രതികള്‍. ഇവര്‍ക്ക് എട്ടും മൂന്നും വയസ്സായ രണ്ട് പെണ്മക്കളുണ്ട്. മൂന്നാമത് ജനിച്ചതും പെണ്കുട്ടിയനെന്നറിഞ്ഞ ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
ഫെബ്രുവരി പത്തിനാണ് പളനിയപ്പംപട്ടി ഗവ. ആശുപത്രിയില്‍ ഇവര്‍ക്ക് മൂന്നാമത്തെ പെണ്‍കുഞ്ഞും ജനിച്ചത്. കഴിഞ്ഞ ദിവസം രാത്രി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി പറഞ്ഞ് രക്ഷിതാക്കള്‍ കുട്ടിയെ ഉസിലംപട്ടി ഗവ. ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുഞ്ഞ് നേരത്തെ മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുഞ്ഞിനെ പരിശോധിച്ച വേളയില്‍ കുഞ്ഞിന്റെ മുഖത്ത് നഖത്തിന്റെ പാടുകള്‍ കണ്ട് സംശയിച്ച ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച മധുര ഗവ. രാജാജി ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍ശിശുഹത്യകള്‍ നടന്ന സ്ഥലമാണ് മധുര ജില്ലയിലെ ഉസിലംപട്ടി. 90കളിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.