കൊച്ചി: ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ നടപടി. മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് കൂടുതൽ അക്കൗണ്ടുകളുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും. പരിപാടിക്കായി നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദ്ദേശമുണ്ട്. എത്തിയില്ലെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇയാൾ പൊലീസ് മുമ്പാകെ ഹാജരാകണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഉമ തോമസിന് പരിക്കേറ്റ സംഭവത്തിലും സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും ഇയാൾക്ക് പിടിവീഴാനാണ് സാധ്യത. നികോഷ് ഹാജരായില്ലെങ്കിൽ ഇയാളെ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.