ആലപ്പുഴ: വെണ്മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി ലബിലു ഹസന് വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹസന് ജീവപര്യന്തം തടവും വിധിച്ചു. ഇരുവരും ബംഗ്ലാദേശ് പൗരന്മാരാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദമ്പതികളെ കൊലപ്പെടുത്തി 45 പവന് സ്വര്‍ണവും 17,000 രൂപയും കവര്‍ന്ന കേസിലാണ് വിധി.
2019 നവംബര്‍ 11 നാണ് കേസിന് ആസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തലയ്ക്കടിച്ചാണ് എപി ചെറിയാന്, ഭാര്യ ഏലിക്കുട്ടി ചെറിയാന് എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ 45 പവന് സ്വര്‍ണ്ണവും 17,000 രൂപയും കവര്‍ന്നു. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകം, വധശിക്ഷ വരെ ലഭിക്കാവുന്ന വിധം കുറ്റകൃത്യം ചെയ്യാൻ വീടിനുള്ളിൽ അതിക്രമിച്ചു കടന്നു, കവർച്ച എന്നീ കുറ്റങ്ങൾക്ക് പ്രതികൾ ശിക്ഷാർഹരാണെന്ന് കണ്ടെത്തിയ കോടതി രണ്ടു പേരും തുല്യമായി കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും കണ്ടെത്തി. നവംബർ ഏഴിനും 10നും ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ അവിടെ സ്വർണം ഉണ്ടെന്ന് മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്തെന്നാണു കേസ്. വിചാരണ വേളയിൽ പ്രതിഭാഗത്തിന്റെ രണ്ട് പേർ ഉൾപ്പെടെ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലുകളും 80 രേഖകളും കേസിൽ ഹാജരാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...