കോഴിക്കോട്: ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. കല്ലായി സ്വദേശി ഡനിയാസ് ഹംറാസ് കെ എം എന്ന പത്തൊൻപതുകാരനാണ് അറസ്റ്റിലായത്. പ്രതിയെ നടക്കാവ് സ്റ്റേഷനിലെ പോലീസാണ് പിടികൂടിയത്. ആളില്ലാത്ത റോഡിലെത്തി ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയതിനു ശേഷം നഗരത്തിൽ കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്നു ഇയാളുടെ പതിവ്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
Also Read: Murder: വീടിന് സമീപം ബൈക്ക് വെച്ചതിനെ ചൊല്ലി തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
ഇയാൾ കൂടുതലും യാത്രക്കാർ കുറവുള്ള റോഡാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. അടുത്തിടെ ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന കുട്ടിയുടെ കയ്യിൽ നിന്നും ഇയാൾ മൊബൈൽഫോൺ തട്ടിയെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പ്രതി പിടിയിലാകുകയായിരുന്നു. റോഡിലൂടെ നടന്നുപോയ കുട്ടിയോട് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി വഴി ചോദിച്ച ശേഷം മുന്നോട്ട് പോവുകയും ശേഷം മടങ്ങിയെത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയും സൈബർസെല്ലിൻ്റെ സഹായത്തോടുകൂടിയുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ് ബി, ബിനു മോഹൻ, എഎസ്ഐ ശശികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...